പഞ്ചായത്തുകളിൽ മുന്നിൽ വടക്കേകര, നഗരസഭകളിൽ ഏലൂർ

കാക്കനാട്: പ്രളയബാധിതര്‍ക്ക് വീട്ടുപകരണങ്ങളോ ജീവനോപാധികളോ സ്വന്തമാക്കാന്‍ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന റിസര്‍ജന്റ് കേരള വായ്പാ പദ്ധതി വിതരണത്തിൽ (ആര്‍.കെ.എല്‍.എസ്.) പഞ്ചായത്തുകളിൽ വടക്കേകരയും നഗരസഭകളിൽ ഏലൂരും മുന്നിലെത്തി. 464 അയൽക്കൂട്ടങ്ങൾക്കായി 41.68 കോടി വിതരണം ചെയ്താണ് വടക്കേകര മുന്നിലെത്തിയത്. 418 അയൽകൂട്ടങ്ങൾക്കായി 35.46 കോടി വിതരണം ചെയ്ത് ആലങ്ങാട് രണ്ടാം സ്ഥാനത്തും 382 അയൽകൂട്ടങ്ങൾക്കായി 33.36 കോടി വിതരണം ചെയ്ത് ചേന്ദമംഗലം മൂന്നാം സ്ഥാനത്തും എത്തി. 2 24 അയൽകൂട്ടങ്ങൾക്കായി 14.98 കോടി വിതരണം ചെയ്താണ് ഏലൂർ നഗരസഭ മുന്നിലെത്തിയത്. 142 അയൽകൂട്ടങ്ങൾക്കായി 11.11 കോടി വിതരണം ചെയ്ത പറവൂരും 109 അയൽകൂട്ടങ്ങൾക്കായി 6.68 കോടി വിതരണം ചെയ്ത മൂവാറ്റുപുഴയും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. 114 അയൽകൂട്ടങ്ങൾക്കായി 5.02 കോടി രൂപ കൊച്ചി കോർപ്പറേഷനും വായ്പ നൽകി. അയല്‍ക്കൂട്ടങ്ങളിലെ 57310 ഗുണഭോക്താക്കള്‍ക്കായി റിസര്‍ജന്റ് കേരള വായ്പ പദ്ധതിയില്‍ സംസ്ഥാനത്ത് ഏറ്റവുമധികം തുക വിതരണം ചെയ്തത് എറണാകുളം ജില്ലയിലാണ്. ഈയിനത്തിൽ 487.16 കോടി രൂപയാണ് ജില്ലയിൽ വിതരണം ചെയ്തത്. പ്രളയത്തിന്റെ പ്രാഥമിക നഷ്ടപരിഹാരമായ 10000 രൂപ ലഭിച്ചവർ അംഗങ്ങളായ അയൽകൂട്ടങ്ങൾക്കാണ് വായ്പ. ഓരോ അയല്‍ക്കൂട്ടത്തിനും 10 ലക്ഷം രൂപ, ഒരംഗത്തിന് ഒരു ലക്ഷം രൂപ വീതമാണ് പരമാവധി അനുവദിക്കുക. ഒമ്പത് ശതമാനം പലിശ നിരക്കില്‍ ലഭ്യമാക്കുന്ന വായ്പയില്‍ പലിശത്തുക പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. ഫലത്തില്‍ ഗുണഭോക്താവിന് പലിശരഹിത വായ്പ ലഭിക്കും. വായ്പ തിരിച്ചടക്കാന്‍ ഒമ്പതു മാസത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ 6354 അയൽകൂട്ടങ്ങൾ ഇതിനോടകം തന്നെ പണം തിരിച്ചടച്ച് തുടങ്ങിയിട്ടുണ്ട്. അയല്‍ക്കൂട്ടത്തിന് അക്കൗണ്ടുള്ള ബാങ്ക് വഴിയാണ് വായ്പാ വിതരണം നടത്തിയത്.