·പുനരധിവാസത്തിന് 46.71 കോടി ചെലവിട്ടു
·122 വീടുകൾ പൂർത്തിയായി
·തകർന്ന വീടുകൾക്ക് 4 ലക്ഷം രൂപ
·6138 വീടുകൾ നന്നാക്കാൻ ധനസഹായം നൽകി
·66 കുടുബങ്ങൾക്ക് ഭൂമി വാങ്ങി നൽകി
·അർഹരായ മുഴുവൻ പേർക്കും സഹായം
പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി വയനാട് ജില്ലയിൽ ചെലവിട്ടത് 46,71,00,125 രൂപ. പൂർണ്ണമായി തകർന്ന വീടുകൾക്ക് പകരം പുതിയവ നിർമ്മിക്കാൻ 10,19,29,750 രൂപയും ഭാഗികമായി തകർന്ന വീടുകളുടെ അറ്റകുറ്റ പണിക്കായി 29,74,05,450 രൂപയും ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാൻ 2,57,64,925 രൂപയും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഗുണഭോക്താക്കൾക്ക് നൽകി. കൂടാതെ 4.20 കോടി രൂപ കെയർഹോം പദ്ധതി വഴിയും ജില്ലയിൽ ചെലവഴിച്ചു. ഇതിൽ 85,59,600 രൂപ സ്റ്റേറ്റ് ഡിസാസ്റ്റർ റിലീഫ് ഫണ്ടിൽ നിന്നും ബാക്കി തുക സഹകരണ വകുപ്പുമാണ് ചെലവിട്ടത്. വിവിധ പദ്ധതികളിലൂടെ 122 വീടുകളുടെ നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. റീബിൽഡ് ലിസ്റ്റ് പ്രകാരം വീടും ഭൂമിയും നഷ്ടപ്പെട്ടത് 117 പേർക്കും വീട് മാത്രം നഷ്ടപ്പെട്ടത് 589 പേർക്കും പുറമ്പോക്കിൽ താമസിക്കുന്നവരിൽ വീട് നഷ്ടപ്പെട്ടത് 127 പേർക്കുമാണ്. ഭാഗീകമായി വീട് തകർന്നത് 6210 പേർക്കാണ്.
പൂർണ്ണമായി തകർന്ന വീടുകൾക്ക് നാല് ലക്ഷം രൂപയാണ് സർക്കാർ അനുവദിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് തുക വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ 1,01,900 രൂപയും നിർമ്മാണം 25 ശതമാനം പിന്നിടുമ്പോൾ രണ്ടാംഗഡുവും തുടർന്ന് മൂന്നാം ഘട്ട തുകയും നൽകും. ഈ ഘട്ടങ്ങളിൽ 1,49,050 രൂപ വീതമാണ് നൽകുന്നത്. ഗുണഭോക്താക്കൾ നേരിട്ട് നിർമ്മിക്കുന്ന 589 വീടുകളിൽ 435 വീടുകൾക്ക് ഒന്നാം ഗഡുവും 197 വീടുകൾക്ക് രണ്ടാം ഗഡുവും 184 വീടുകൾക്ക് മൂന്നാം ഗഡു സഹായവും നൽകി. ഇത്തരത്തിൽ ഒന്നാം ഘട്ടത്തിൽ 4,43,26,500 രൂപയും രണ്ടാം ഘട്ടത്തിൽ 2,93,62,850 രൂപയും മൂന്നാം ഘട്ടത്തിൽ 2,74,25,200 രൂപയും ചെലവഴിച്ചു.
ഭാഗികമായി തകർന്ന വീടുകൾക്കുളള ധനസഹായം വിതരണം 98 ശതമാനത്തിലധികം പൂർത്തീകരിച്ചു. 6210 വീടുകളിൽ 6138 എണ്ണത്തിനും സഹായം നൽകി കഴിഞ്ഞു. 15 ശതമാനമെങ്കിലും നാശനഷ്ടം നേരിട്ട വീടുകൾക്കാണ് ധനസഹായം അനുവദിക്കുന്നത്. ഇത്തരത്തിലുളള 3872 വീടുകളിൽ 3847 എണ്ണത്തിന് നഷ്ടപരിഹാര തുകയായി 10000 രൂപ വീതവും 16 മുതൽ 29 ശതമാനം വരെ തകർന്ന 1402 വീടുകളിൽ 1381 എണ്ണത്തിന് 60,000 രൂപ വീതവും നൽകി. 30 മുതൽ 59 ശതമാനം വരെ നഷ്ടമുണ്ടായവയ്ക്ക് 1,25,000 രൂപയും 60 മുതൽ 74 ശതമാനം വരെ നഷ്ടമുളളതിന് 2,50,000 രൂപയുമാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചിരിക്കുന്നത്. 75 ശതമാനത്തിൽ കൂടുതൽ തകർന്നതിനെ പൂർണ്ണമായി തകർന്നത് എന്ന കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. 30 മുതൽ 59 ശതമാനം വരെ തകർന്ന 694 എണ്ണത്തിൽ 677 പേർക്കും 60 മുതൽ 74 ശതമാനം വരെ തകർന്നവയിൽ 242 എണ്ണത്തിൽ 233 എണ്ണത്തിനുമുളള നഷ്ടപരിഹാരവും നൽകിയിട്ടുണ്ട്.
സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കെയർ ഹോം പദ്ധതി വഴി പ്രളയബാധിതർക്കായി ജില്ലയിൽ നിർമ്മിച്ച് നൽകിയത് 84 വീടുകളാണ്. ഇതിൽ 83 വീടുകളും ഗുണഭോക്താക്കൾക്ക് കൈമാറി. അവശേഷിക്കുന്ന ഒരെണ്ണത്തിന്റെ നിർമ്മാണം ഈ മാസം അവസാനത്തോടെ പൂർത്തിയാവും. സംസ്ഥാനത്താകെ 2140 വീടുകളാണ് കെയർഹോം പദ്ധതിയിലൂടെ നിർമ്മിക്കുന്നത്. ജില്ലാ ഭരണകൂടം നേരിട്ട് നിർമ്മിക്കുന്നത് 13 വീടുകളാണ്. സ്പോൺസർഷിപ്പിലൂടെ ലഭിച്ച സ്ഥലത്താണ് വീടുകൾ നിർമ്മിക്കുന്നത്. കണിയാമ്പറ്റയിൽ പത്തും പാടിച്ചിറയിൽ മൂന്നും വീടുകളാണ് ഇത്തരത്തിൽ നിർമ്മിക്കുന്നത്. വീട് നിർമ്മാണത്തിനായി കോർപ്പറേഷൻ ബാങ്ക് 11,93,525 രൂപ സംഭവനയായി നൽകിയിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകൾ വഴി നിർമ്മിക്കുന്ന 67 വീടുകളിൽ 12 എണ്ണം പൂർത്തിയായി. മറ്റുളളവയുടെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിച്ച് വരുന്നു.
മണ്ണിടിച്ചിലിലും ഉരുൾപ്പൊട്ടലിലും ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് ഭൂമി വാങ്ങാൻ ആറ് ലക്ഷം രൂപയും വീട് വെക്കാൻ നാല് ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. വീട് വെയ്ക്കാൻ അനുയോജ്യമായ ഭൂമി കണ്ടെത്തിയ 66 പേർക്കുളള തുക വിതരണം ചെയ്തു. ഇതിൽ 8 പേർ വീട് നിർമ്മിക്കാനുളള ആദ്യ ഗഡുവും കൈപ്പറ്റി. എട്ട് പേർക്ക് കൂടി ഭൂമി വാങ്ങുന്നതിനുളള നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്. അവശേഷിക്കുന്നവർക്കും അനുയോജ്യമായ ഭൂമി കണ്ടെത്തുന്ന മുറയ്ക്ക് ധനസഹായം വിതരണം ചെയ്യും. വീടുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്താനും ഗുണഭോക്താക്കൾക്ക് സമയബന്ധിതമായി സഹായം ലഭിക്കുന്നത് ഉറപ്പ് വരുത്താനും ലൈഫ്മിഷന്റെ നേതൃത്വത്തിൽ പ്രത്യേക ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
2019 മാർച്ച് 31 വരെ 2465 അപ്പീൽ അപേക്ഷകളാണ് ലഭിച്ചിരുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനിയർമാരുടെ നേതൃത്വത്തിലുളള അപ്പീൽ പാനൽ പരിശോധിച്ചതിൽ അർഹരായ മുഴുവൻ പേർക്കും ധനസഹായം നൽകി. ഏപ്രിൽ മുതൽ ജൂൺ 30 വരെ ലഭിച്ച 1067 അപ്പീൽ അപേക്ഷകളിൽ അർഹരായവരെ കണ്ടെത്തി ധനസഹായം നൽകുന്നതിനുളള നടപടികളും പുരോഗമിക്കുന്നുണ്ട്. കൂടാതെ പ്രളയ സമയത്ത് അടിയന്തര ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ 8079 പേർക്കും ജില്ലയിൽ നൽകിട്ടുണ്ട്.