കൊച്ചി: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ ബ്ലോക്ക് തല കർഷക സഭയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി നിർവഹിച്ചു. ബ്ലോക്ക് തല കർഷക സഭ നടത്തി . കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആത്മ സഭയുടെയും ആഭിമുഖ്യത്തിലാണ് കർഷക സഭ നടത്തിയത്.
കൃഷി വകുപ്പിന്റെയും കൃഷി ഭവനുകളുടെയും സേവനം ഏറ്റവും താഴെത്തട്ടിൽ എത്തിക്കുക, കാർഷിക രംഗത്തെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ കർഷകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, കാർഷിക മേഖലയിലെ പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നിവ ലക്ഷ്യമിട്ടാണ് കർഷക സഭ നടത്തിയത്.
കർഷകഗ്രാമസഭകളിൽ ഉയർന്ന് വന്ന കർഷക നിർദേശങ്ങൾ കൃഷി ഓഫീസർമാർ അവതരിപ്പിച്ചു. വൈപ്പിൻ പോലെ ഒരു ചെറിയ ദ്വീപിൽ കൃഷി ചെയ്യാൻ കുറഞ്ഞത് 25 സെന്റ് സ്ഥലത്തിൽ നിന്നും 10 സെന്റായി കുറയ്ക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു . കൂടാതെ അര ഹോഴ്സ് പവർ പമ്പും അനുവദിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. തെങ്ങിനെ സംരക്ഷിക്കുന്ന കേരഗ്രാമം പോലുള്ള സമഗ്ര പദ്ധതികൾ ഇനിയും വേണം. കർഷകർക്ക് ഇൻഷുറൻസ് അനുവദിക്കണം. പൊക്കാളി പാടശേഖരങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ അടിയന്തിരമായി വർധിപ്പിക്കണം. കർഷക പെൻഷൻ വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ കർഷക ഗ്രാമസഭകളിൽ ഉന്നയിച്ചത് .
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ , കൃഷി അസിസ്റ്റൻറ് ഡയറക്ടർ അനിതാ വിജയൻ, കൃഷി ഓഫീസർ അനൂജ ജോർജ്, എടവനക്കാട് കുഴിപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ, കെ.യു. ജീവൻ മിത്ര, രജിത സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കർഷകർ, കൃഷി ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് തല കർഷക സഭ ബ്ലോക്ക് പ്രസിഡന്റ് ഡോ. കെ കെ ജോഷി ഉദ്ഘാടനം ചെയ്യുന്നു.