കാക്കനാട്: എറണാകുളം ജില്ലയിൽ ആരോഗ്യരംഗത്ത് ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയതിന് മുൻ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളക്ക് പി.കേശവദേവ് പ്രത്യേക പുരസ്കാരം.
ഇ-ഹെൽത്ത് കേരള, ക്യാൻസർ ബോധവൽകരണ പരിപാടിയായ ജാഗ്രത, പുകയില വിരുദ്ധ പ്രവർത്തനങ്ങൾ, ജനറൽ ഹോസ്പിറ്റലിലും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകളുടെ പ്രവർത്തനം സുഗമമാക്കൽ തുടങ്ങിയവ പരിഗണിച്ചാണ് പി.കേശവദേവ് ട്രസ്റ്റിന്റെ 15-ാമത് പുരസ്കാര ശ്രേണിയിൽ മുൻ കളക്ടർക്ക് ആദരം. വിശിഷ്ട സേവനത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണനിൽ നിന്നും അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. പ്രവർത്തനങ്ങളിൽ ഒപ്പമുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും പ്രവർത്തന മികവിനുള്ള അംഗീകാരമാണിതെന്ന് മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ നൽകുന്ന ജെ.ആർ.ഡി. റ്റാറ്റ പുരസ്കാരം ഇദ്ദേഹം ജില്ലാ കളക്ടറായിരിക്കേ എറണാകുളം നേടിയിരുന്നു.