പ്രളയ ദുരന്തം നേരിടുന്നതില്‍ കേരളം അത്ഭുതമാണ് സൃഷ്ടിച്ചതെന്ന അംഗീകാരമാണ് സര്‍ക്കാറിനും സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലഭിച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ജനകീയം ഈ അതിജീവനം എന്ന സാമൂഹിക സംഗമം ഉദ്ഘാടനം താമരശേരിയില്‍ ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഓരേ മനസോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഈ അതിജീവനം കേവലമായ സര്‍ക്കാര്‍ വിജയമായിട്ടല്ല സര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ടാണ് ഈ അതിജീവനത്തെ ജനകീയം എന്ന് വിളിക്കുന്നത്. സമാനമായ ഒരു ഉദാഹരണവും ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. കൈയും മെയ്യും മറന്ന് എന്ന വാക്ക് അന്വര്‍ഥമാക്കുന്ന തരത്തിലാണ് ജനങ്ങള്‍ ഇത്തരത്തിലൊരു ദൗത്യം ഏറ്റെടുത്ത് നടപ്പാക്കിയത്.
മത്സ്യത്തൊഴിലാളികള്‍ മുതല്‍ ഐഎഎസുകാര്‍ വരെയുള്ള വിവിധ വിഭാഗം ജനങ്ങള്‍ അവര്‍ക്ക് ചെയ്യാനാവുന്നത് എന്താണോ അത് സ്വയം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച് മനുഷ്യ മനസുകള്‍ ഒന്നാണെന്ന് പ്രഖ്യാപിച്ച ജനകീയതയുടെ അപൂര്‍വ നിമിഷങ്ങള്‍ക്കാണ് പ്രളയകാലത്ത് കേരളം സാക്ഷിയായത്. പ്രളയത്തിന്റെ ആദ്യ നിമിഷങ്ങളില്‍ പകച്ചു നിന്നെങ്കിലും ജനങ്ങള്‍ ഒന്നടങ്കം ദുരന്ത ഭൂമിയില്‍ കൈകോര്‍ത്തു പിടിച്ചു നിന്നു. സ്വയം രക്ഷകരായും മറ്റുള്ളവരുടെ രക്ഷകരായും മാറിയ അസുലഭമായ സ്നേഹത്തിന്റെയും മാനവികതയുടെയും തിളങ്ങുന്ന പ്രതീകങ്ങളായി പ്രവര്‍ത്തിക്കാന്‍ കേരള ജനതക്ക് കഴിഞ്ഞു. ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ദുരന്തത്തിനിരയായി ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് ആശ്വാസത്തോടെ മടങ്ങാന്‍ കഴിഞ്ഞത്.
ലോകബാങ്കിന്റെ കണക്കനുസരിച്ച് 39,000 കോടിയുടെ സാമ്പത്തിക ശേഷിയുണ്ടായാലേ പ്രളയകാലത്തുണ്ടായ നഷ്ടം പരിഹരിക്കാന്‍ കഴിയുകയുള്ളു. ധനസമാഹരണത്തിന് ജനകീയ മുഖം നല്‍കി സര്‍ക്കാര്‍ മണ്ഡലാടിസ്ഥാനങ്ങളില്‍ നടത്തിയ പ്രവര്‍ത്തന പരിപാടികള്‍ക്ക് കഴിവിനപ്പുറമുള്ള സഹകരണവും സാമ്പത്തിക സഹായവുമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. അതുകൊണ്ടു തന്നെ ഇത് ജനങ്ങളുടെ പ്രവര്‍ത്തന നേട്ടമായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. പൂര്‍ണമായി തകര്‍ന്ന 238, ഭാഗികമായി തകര്‍ന്ന 5226 വീടുകള്‍ എന്നിവ പുനര്‍നിര്‍മ്മിക്കലായിരുന്നു സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം. ഇതിന് മുമ്പ് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങിയ 25,223 പേര്‍ക്ക് അടിയന്തിര നസഹായമായി 10,000 രൂപ വീതവും നല്‍കി. ഇത്തരത്തില്‍ പരാതി രഹിതമായി നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. പ്രളയത്തില്‍ നഷ്ടപ്പെട്ട വീട്, സ്വന്തമായി നിര്‍മിക്കാമെന്ന് സമ്മതപത്രം നല്കിയ 156 പേര്‍ക്കും ധനസഹായം വിതരണം ചെയ്തു. ഇവരില്‍ 35 പേര്‍ പുതിയ വീട്ടില്‍ താമസം തുടങ്ങി. മറ്റു വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. കെയര്‍ ഹോം പദ്ധതിയില്‍ 44 പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി. ഉദാരമതികളുടെ സഹായത്താല്‍ നിര്‍മ്മിക്കുന്ന 20 വീടുകളുടെ നിര്‍മ്മാണം ഓഗസ്റ്റ് 31നകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരത്തില്‍ നിരന്തരമായ ഇടപെടലിലൂടെ, ദുരന്ത മേഖലയില്‍ നിസഹായരായ മനുഷ്യരെ സഹായിച്ചു വരുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഭരണ സുതാര്യത ഉറപ്പു വരുത്തുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ ദുരിതാശ്വാസ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിലെത്തിക്കുക എന്ന ല്കഷ്യത്തോടെയാണ് പൊതുസംഗമം സംഘടിപ്പിച്ചത്. വീട് നിര്‍മ്മാണം പൂര്‍ത്തിയായ തിരുവമ്പാടി വില്ലേജിലെ ദേവസ്യ, കദിയുമ്മ, കോടഞ്ചേരി വില്ലേജിലെ അന്നമ്മ കുട്ടപ്പന്‍, കട്ടിപ്പാറ വില്ലേജിലെ നഫീസ, രാരോത്ത് വില്ലേജിലെ ഹംസ പുലിക്കുന്നുമ്മല്‍, കൂടത്തായ് വില്ലേജിലെ ദാക്ഷായണി എറണ്ടോറകുന്ന് എന്നിവര്‍ക്കുള്ള താക്കോല്‍ദാനവും കുമാരനെല്ലൂര്‍ വില്ലേജിലെ കുട്ടപ്പന്‍, പൂളച്ചാലില്‍ ഫാത്തിമ, കപ്പാടന്‍ വേലായുധന്‍ എന്നിവരുടെ ഭൂമിയുടെ രേഖകളും ചടങ്ങില്‍ കൈമാറി.
പ്രളയകാലത്തും പുനര്‍നിര്‍മാണസമയത്തും സ്തുത്യഹര്‍മായ സേവനം നടത്തിയ ജില്ലാ ഫയര്‍ ആന്റ് റസ്‌ക്യു ടീം, ജില്ലാ സഹകരണ വകുപ്പ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, താമരശേരി താലൂക്ക് ടീം, ജെസ്യൂട്ട് പ്രൊവിന്‍സി എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. പ്രളയത്തില്‍ തകര്‍ന്ന വീട് സര്‍ക്കാര്‍ സഹായത്തോടെ പുനര്‍നിര്‍മ്മിച്ച് താമസം ആരംഭിച്ച താമരശേരി എളോത്ത്കണ്ടി മുഹമ്മദ് അനുഭവം പങ്കുവെച്ചു.
താമരശേരി മേരിമാതാ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കാരാട്ട് റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു പ്രളയാനന്തര ദുരിതാശ്വാസ പുനര്‍നിര്‍മ്മാണത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എംഎല്‍എമാരായ ജോര്‍ജ് എം തോമസ്, പുരുഷന്‍ കടലുണ്ടി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ, താമരശേരി പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, രാമനാട്ടുകര നഗരസഭ ചെയര്‍മാന്‍ വാഴയില്‍ രാമകൃഷ്ണന്‍, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ അജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം വി ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം എ പി ഹുസൈന്‍, ഗ്രാമപഞ്ചായത്തംഗം ജെസി ശ്രീനിവാസന്‍, എം നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ദുരന്തനിവാരണ അതോറിറ്റി ഡപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ സ്വാഗതവും താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.