* ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥികളെ മന്ത്രി അഭിസംബോധന ചെയ്തു
സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാഭ്യാസം ഈ അധ്യയനവർഷം മുതൽ ഉടച്ചുവാർക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി.ജലീൽ പറഞ്ഞു. എ.പി.ജെ അബ്ദുൾകലാം സാങ്കേതികസർവകലാശാലയുടെ അഞ്ചാം ബാച്ചിന്റെ ആദ്യദിവസത്തെ ക്‌ളാസുകൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി വിദ്യാർഥികളെ ലൈവ് സ്ട്രീമിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
ഒന്നാം വർഷ എൻജിനീയറിങ് ക്‌ളാസുകൾ നേരത്തെ ആരംഭിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, മുൻവർഷത്തേക്കാൾ രണ്ടാഴ്ച മുൻപേ എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച്, ക്‌ളാസുകൾ ആരംഭിക്കുകയാണ്. കഴിഞ്ഞ വർഷം ക്‌ളാസുകൾ ആഗസ്റ്റ് ഒന്നിനാണ് ആരംഭിച്ചത്.
സർവകലാശാലയിലെ ആദ്യബാച്ചിലെ പരീക്ഷാഫലം ജൂലൈ 20ന് പ്രഖ്യാപിക്കുകയും ഒരു മണിക്കൂറിനുള്ളിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. സെപ്റ്റംബർ ആദ്യവാരത്തോടെ എല്ലാ വിദ്യാർഥികളുടെയും ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. വിദ്യാർഥികളുടെ എല്ലാ മാർക്ക് ലിസ്റ്റുകളും ഡിഗ്രി സർട്ടിഫിക്കറ്റുകളും നാഷണൽ അക്കാദമിക് ഡെപ്പോസിറ്ററിയിൽ അപ്‌ലോഡ് ചെയ്തു സൂക്ഷിക്കാനുള്ള നടപടികളും പൂർത്തിയായി വരുന്നു. ഇത് സംസ്ഥാനത്തെ സർവകലാശാലകളുടെ ചരിത്രത്തിലെ ആദ്യസംഭവമാണെന്ന് മന്ത്രി പറഞ്ഞു.
പരീക്ഷയിൽ പിന്നാക്കം പോവുന്ന വിദ്യാർഥികളുടെ ഫലം മെച്ചപ്പെടുത്തുന്നതിന് റെമഡിയൽ ക്‌ളാസുകൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകരുടെ നിലവാരവും സേവനവേതന വ്യവസ്ഥകളും മെച്ചപ്പെടുത്തുന്നതിന് സർവകലാശാലകളുടെ സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു.