അന്താരാഷ്ട്ര പുഷ്പ-ഫല പ്രദർശന മേള പൂപ്പൊലിക്ക് പുതുവർഷപ്പുലരിയിൽ അമ്പലവയലിൽ തുടക്കമായി. കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കേരള കാർഷിക സർവകലാശാല, അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രം എന്നിവ സംയുക്തമായി ഒരുക്കുന്ന പൂപ്പൊലി ജനുവരി 18 വരെയാണ് നടക്കുക.പൂപ്പൊലി ടൂറിസം മാപ്പിൽ ഇടം പിടിക്കാൻ സ്ഥിരമായ കലണ്ടർ ഷെഡ്യൂൾ ആവശ്യമായതിനാൽ എല്ലാ വർഷവും ജനുവരി ഒന്നു മുതലായിരിക്കും ഇനി മേള നടത്തുക. കാർഷിക മേഖലയെ ശക്തിപ്പെടുത്താനുളള നടപടിയുടെ ഭാഗമായും കൂടിയാണ് പൂപ്പൊലി സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ കാർഷിക സംസ്‌കൃതിയും സാധ്യതയും നേരിട്ട് മനസിലാക്കാനും മുന്നേറാനും പൂപ്പൊലി കൊണ്ട് കഴിയും. വയനാടിന്റെ പാരമ്പര്യവും വൈവിധ്യവും വിളിചോതുന്ന നെല്ലിനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സർവകലാശാലയുടെ പാടത്ത് വിവിധ ഇനത്തിൽപ്പെട്ട നെൽ കൃഷി ഒരുക്കിയിട്ടുണ്ട്. 12 ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന പൂപ്പൊലി ഉദ്യാനത്തിൽ വിവിധ നിറത്തിലുളള ആയിരത്തി നാനൂറോളം റോസ് ഇനങ്ങൾ, ആയിരത്തി അഞ്ഞൂറിൽപ്പരം ഡാലിയ ഇനങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നായി ശേഖരിച്ച അഞ്ഞൂറോളം ഓർക്കിഡുകൾ, കള്ളിമുൾ ചെടികൾ, വൈവിധ്യമാർന്ന അലങ്കാര ചെടികൾ, പഴവർഗ്ഗങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കാർഷിക പ്രവർത്തിപരിചയ മോഡലുകൾ, ഉന്നതനിലവാരമുളള നടീൽ വസ്തുക്കളുടെയും മികച്ചയിനം വിത്തിനങ്ങളുടെയും വിപണനവും പ്രദർശനവും മേളയുടെ പ്രത്യേകതയാണ്. 6 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 30 രൂപയാണ് പൂപ്പൊലിക്ക് പ്രവേശ ഫീസ് ഈടാക്കുന്നത്.
ഈ വർഷം മുതൽ പുഷ്പ കൃഷിയുടെ പ്രത്യേക കാർഷിക മേഖലയായി വയനാടിനെ മാറ്റാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഇന്ത്യൻ ഓർക്കിഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ചിൽ അന്തരാഷ്ട്ര ഓർക്കിഡ് പ്രദർശനം മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടത്തും. ആദ്യമായിട്ടാണ് ഇന്ത്യൻ ഓർക്കിഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രദർശനവും ശിൽപശാലയും നടത്തുന്നത്. പുഷ്പകൃഷിയിലൂടെ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുന്ന രീതിയിലാണ് പ്രത്യേക കാർഷിക മേഖല പ്രവർത്തിക്കുക.വയനാടിനെ പുഷ്പ കൃഷിക്ക ് പേരുകേട്ട ചൈനയിലെ കുമ്മിങ്ങിന്റെ ചെറിയ പതിപ്പാക്കി മാറ്റാണ് ലക്ഷ്യമിടുന്നത്. സുഗന്ധ നെല്ലിന്റേയും പ്രത്യേക കൃഷി മേഖലയായി പ്രഖ്യാപിക്കുന്നതിന്റെ നടപടികൾ പുരോഗമിക്കുകയാണ്.