കാർഷിക പദ്ധതികളുടെ ഭാഗമായി കർഷകർക്ക് വിതരണം ചെയ്യുന്ന നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ബാർകോഡ്, ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ അന്താരാഷ്ട്ര പുഷ്പ-ഫല പ്രദർശന മേളയായ പൂപ്പൊലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യപടിയായി അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഉത്പദിപ്പിക്കന്ന നടീൽ വസ്തുക്കളിലാണ് ബാർകോഡ്, ക്യുആർ കോഡ് പതിച്ച ടാഗുകൾ ഏർപ്പെടുത്തുക. സ്വകാര്യ ഏജൻസികളിൽ നിന്ന് വാങ്ങുന്ന വിത്തുകളും തൈകളും ഗുണനിലാവരകുറവുക്കൊണ്ട് മുളക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടവും ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. ബാർകോഡ്, ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തുന്നതോടെ വ്യാജ വിത്തുകളും തൈകളും കണ്ടെത്താൻ കഴിയും.

ജില്ലയിലെ കർഷകർക്ക് ആവശ്യമായ നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കാൻ മേഖല ഗവേഷണ കേന്ദ്രത്തിന് കഴിയണമെന്നും മന്ത്രി പറഞ്ഞു. കാർഷിക സർവകലാശാല, സർക്കാർ ഫാമുകൾ, വി. എഫ്. പി. സി. കെ എന്നിവയെ ഇതിനായി സജ്ജമാക്കും. ഗവേഷണ കേന്ദ്രങ്ങളിലെ ഒഴിവുകൾ നികത്തും. മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ പ്രഖ്യാപിക്കപ്പെട്ട നിർദ്ദിഷ്ട കേളേജിൽ ഈ വർഷം തന്നെ ആദ്യ ബാച്ച് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ ബാബു ഗാർഡൻ, ഹട്ടുകൾ, നടക്കാൻ പ്രയാസം നേരിടുന്നവർക്കായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാർ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പാടുത്തുമെന്നും മന്ത്രി പറഞ്ഞു. ചെറുവയൽ രാമൻ, . ശശീന്ദ്രൻ, പ്രദീപ് കുമാർ തയ്യിൽ, പി. എ ഫാബി, മേരി, സുഭദ്ര കുമാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് സീതാവിജയൻ,നെ•േനി പഞ്ചായത്ത് പ്രസിഡന്റ് കറപ്പൻ, ജില്ലാ ആന്റ് സെഷൻസ് ജഡ്ജ് വി വിജയകുമാർ,കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ.ചന്ദ്രബാബു, കെ. എ യു രജിസ്ട്രാർ ഡോ. എസ്. ലീന കുമാരി, കെ. എ. യു. ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. പി. ഇന്ദിരാ ദേവി, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ. എ. എം. സുനിൽ കുമാർ, ആർ.എ.ആർ.എസ് ഡയറക്ടർ ഡോ.പി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.