സമൂഹത്തില്‍ സദാചാര പോലീസിംഗ് വളര്‍ന്നു വരുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. സ്ത്രീയും പുരുഷനും സ്വാഭാവികമായി ഇടപെടാനുള്ള അന്തരീക്ഷം കേരളീയ സമൂഹത്തില്‍ വളരേണ്ടതുണ്ട്. സമൂഹത്തിന്റെ ആരോഗ്യകരമായ സദാചാരം കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്, ഇത് സദാചാര പോലീസിങ്ങിലൂടെയല്ല നടപ്പിലാക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
അദാലത്തില്‍ 87 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 14 പരാതികള്‍ പരിഹരിച്ചു.68 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. 5 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് കൈമാറി. മുന്‍പ് ലഭിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായ പരാതികള്‍ ആണ് ഈ അദാലത്തില്‍ ലഭിച്ചതെന്ന് കമ്മീഷന്‍ അംഗം അഡ്വ എം.എസ് താര പറഞ്ഞു. വകുപ്പുതലത്തില്‍ ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്നങ്ങള്‍, സ്വത്തുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളില്‍ നിന്ന് നേരിടുന്ന അക്രമങ്ങള്‍ തുടങ്ങി നിരവധി പരാതികളാണിവയെന്നും ഇവര്‍ പറഞ്ഞു.
മകള്‍ വീട്ടില്‍ നിന്നിറക്കിവിട്ട അമ്മയുടെയും ഭിന്നശേഷിക്കാരനായ മകന്റെയും പരാതി കമ്മീഷന്‍ പരിഗണിച്ചു. ഈ വിഷയത്തില്‍ തെറ്റായ നടപടി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥനെ കമ്മീഷന്‍ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്താര്‍ തീരുമാനിച്ചു. പൈതൃകമായി ലഭിച്ച ഭൂമിയില്‍ പ്രതിഷ്ഠയുണ്ടെന്ന് കാരണത്താല്‍ ക്ഷേത്ര ഭരണാധികാരികള്‍ ഭൂമി നിഷേധിക്കുന്നുവെന്നാരോപിച്ച് ലഭിച്ച പരാതിയില്‍ പരാതിക്കാരിക്ക് അനുകൂലമായുള്ള കോടതി വിധി നടപ്പാക്കാനുള്ള നിയമ നടപടികളിലേക്ക് നീങ്ങാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വനിതാ കമ്മീഷന്‍ എസ്.ഐ എല്‍.രമ, ഡയറക്ടര്‍ വി.യു കുര്യാക്കോസ് തുടങ്ങിയവര്‍ കേസുകള്‍ പരിഗണിച്ചു.