* ഇതുവരെ സംഭരിച്ചത് 30 ടണ്ണോളം പ്‌ളാസ്റ്റിക്

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നീണ്ടകര ഹാർബറിൽ നടപ്പാക്കിയ ശുചിത്വസാഗരം പദ്ധതി വിജയമാണെന്ന് കണ്ടതിനെത്തുടർന്ന് എല്ലാ തുറമുഖങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചു. കടലിൽ അടിഞ്ഞുകൂടുന്ന പ്‌ളാസ്റ്റിക് മാലിന്യങ്ങൾ മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് നീക്കം ചെയ്ത്, സംസ്‌കരിക്കുന്ന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെയും ലോകസാമ്പത്തികഫോറത്തിന്റെയും അനുമോദനം ലഭിച്ചിരുന്നു. 2017 നവംബറിലാണ് പദ്ധതി ആരംഭിച്ചത്. ഇതുവരെ ഏകദേശം 30 ടണ്ണിലേറെ പ്‌ളാസ്റ്റിക് മാലിന്യങ്ങളാണ് ബോട്ട് ഉടമാ അസോസിയേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ സംഭരിച്ചത്.

ബോട്ടുകൾ കടലിൽ കൊണ്ടുപോയ ഭക്ഷണം, ബേക്കറി സാധനങ്ങൾ തുടങ്ങിയവയുടെ കവറുകളും പ്ളാസ്റ്റിക് ഗ്ലാസുകൾ, കുടിവെള്ളക്കുപ്പികൾ ഉൾപ്പെടെ വലയിൽ കുരുങ്ങിയ പ്‌ളാസ്റ്റിക് മാലിന്യങ്ങൾ ബോട്ടുകൾക്ക് നൽകുന്ന പ്രത്യേക ബാഗ് വഴി കരയിലെത്തിക്കുന്നു. പൊതുമരാമത്ത് വകുപ്പ്, ക്‌ളീൻ കേരള മിഷൻ എന്നിവയാണ് ഈ പ്‌ളാസ്റ്റിക് വാങ്ങുന്നത്. സംഭരിച്ച പ്‌ളാസ്റ്റിക് സംസ്‌കരിച്ച് റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നു. കരയിൽ കൊണ്ടുവരുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ കഴുകിവൃത്തിയാക്കി പ്രത്യേകം സജ്ജീകരിച്ച ഷ്റെഡ്ഡിങ് യൂണിറ്റ് വഴി ചെറുതാക്കിയാണ് റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്. 20 ടണ്ണോളം പ്‌ളാസ്റ്റിക് നീണ്ടകരയിലുള്ള ഷ്‌റെഡ്ഡിംഗ് യൂണിറ്റിൽ പൊടിച്ചെടുത്ത് റോഡ് നിർമാണത്തിനായി സ്റ്റോക്ക് ചെയ്തിട്ടുണ്ട്.

25 സ്ത്രീത്തൊഴിലാളികളാണ് യൂണിറ്റിൽ പണിയെടുക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഏഴ് ശതമാനം പ്‌ളാസ്റ്റിക് ചേർത്ത് ടാർ ചെയ്ത കൊല്ലം ജില്ലയിലെ കേരളപുരം പുട്ടാണിമുക്ക് റോഡ് വിജയകരമായി പൂർത്തീകരിച്ചതിന്റെ മാതൃകയിൽ കൊല്ലത്തെ ഹാർബർ എൻജിനീയറിങ് വകുപ്പ് റോഡുകൾക്കും ഈ പ്‌ളാസ്റ്റിക് ഉപയോഗിക്കാൻ നടപടിയായിട്ടുണ്ടെന്ന് ഫിഷറീസ്, ഹാർബർ എൻജിനീയറിങ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.

കടലിൽ അടിഞ്ഞുകൂടുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ മത്സ്യബന്ധന ഉപകരണങ്ങളുടെ നാശത്തിനിടയാക്കുന്നതും മത്സ്യവളർച്ചയ്ക്കും പ്രത്യുത്പാദനത്തിനും വിഘാതമാകുന്ന രീതിയിൽ കുമിഞ്ഞുകൂടുന്നതും ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ശുചിത്വസാഗരം പദ്ധതി ആരംഭിക്കാൻ തീരുമാനിക്കുന്നത്. ലോകത്തിനുതന്നെ മാതൃകയായ പദ്ധതിയായാണ് ഐക്യരാഷ്ട്രസഭയും ലോകസാമ്പത്തികഫോറവും ശുചിത്വസാഗരത്തെ കാണുന്നത്. യു.എൻ.വെബ്സൈറ്റിൽ ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

ഫലപ്രാപ്തി പരിഗണിച്ച് കഴിഞ്ഞവർഷം  ശുചിത്വസാഗരം പദ്ധതിക്ക് ദേശീയപുരസ്‌കാരം ലഭിച്ചിരുന്നു. .ദേശീയതലത്തിലെ മികച്ച വിജയഗാഥയ്ക്കുള്ള മറൈൻ ബയോളജി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അവാർഡാണ് പദ്ധതിക്ക് ലഭിച്ചത്. കടൽമാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിനും കടലിന്റെ പ്രകൃതിദത്തമായ സന്തുലനാവസ്ഥ നിലനിർത്തുന്നതിനുമുള്ള വിവിധ പദ്ധതികളിൽനിന്നാണ് ശുചിത്വസാഗരത്തെ തിരഞ്ഞെടുത്തത്.

ഹാർബർ എൻജിനീയറിങ് വകുപ്പ്, സാഫ് യൂണിറ്റുകൾ, ശുചിത്വമിഷൻ, നെറ്റ് ഫിഷ്, മറൈൻ പ്രോഡക്ട് എക്‌സ്‌പോർട്ട് ഡവലപ്‌മെന്റ് ഏജൻസി എന്നിവ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.  കുറഞ്ഞ ചെലവിൽ സംസ്ഥാനജനതയ്ക്ക് പ്രോട്ടീൻ നൽകുന്ന മത്സ്യത്തിന്റെ ഉത്പാദനപ്രക്രിയയിൽ വിനാശഫലങ്ങൾ സൃഷ്ടിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ വലിയ വിപത്തായി മാറുന്ന കാലഘട്ടത്തിൽ സർക്കാരിന്റെ സാമൂഹിക പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.