സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം വിതരണം ചെയ്യുന്നതിനായി പുതുതായി ആരംഭിച്ച എംപ്ലോയീസ് ട്രഷറി സേവിങ്‌സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടിനെ പരിചയപ്പെടുത്തുന്നതിനായി ജില്ലയില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ശമ്പളം വാങ്ങുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡിഡിഒമാരാണ് ക്ലാസുകളില്‍ പങ്കെടുക്കുന്നത്.
മാലക്കല്‍ സ്‌കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, നീലേശ്വരം നഗരസഭാ ടൗണ്‍ ഹാള്‍, മഞ്ചേശ്വരം ബിആര്‍സി ഹാള്‍, കാസര്‍കോട് ജിയുപി സ്‌കൂള്‍ അനക്‌സ് ഹാള്‍, കുമ്പള ഹോളി ഫാമിലി സ്‌കൂള്‍, കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലായി പത്തോളം ബോധവല്‍ക്കരണ ക്ലാസുകളാണ്  നടത്തിയത്ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും വരും മാസങ്ങളില്‍ ഇടിഎസ്ബി മുഖേനയായിരിക്കും വിതരണം ചെയ്യുക.
ഡിഡിഒക്ക് അപേക്ഷ നല്‍കിയോ, ചെക്കുകള്‍ മുഖേനയോ, ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ ആണ് തുക പിന്‍വലിക്കേണ്ടത്. അക്കൗണ്ട് ആരംഭിക്കുന്നതിനായി ജീവനക്കാര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. എല്ലാ ജീവനക്കാര്‍ക്കും ഇടിഎസ്ബി അക്കൗണ്ട് ട്രഷറിയില്‍ ആരംഭിച്ചിട്ടുണ്ട്.
വിവരങ്ങള്‍ ജീവനക്കാര്‍ക്ക് എസ്എംഎസ് ആയി ലഭിക്കും. . പുതിയ അക്കൗണ്ടിനെ കുറിച്ച് ഇതുവരെ ജില്ലയിലെ 937 സ്ഥാപന മേധാവികളോട് സംവദിച്ചതായി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന ജില്ലാ ലെയ്‌സണ്‍ ഓഫീസര്‍ ഒ ടി ഗഫൂര്‍ പറഞ്ഞു. ആവശ്യാനുസരണം മലയാളം, കന്നഡ, തുളു ഭാഷകളിലാണ് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ സ്ഥാപന മേധാവികള്‍ക്കായി സംഘടിപ്പിച്ച ക്ലാസ് എഡിഎം എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് ജില്ലാ ട്രഷറി ഓഫീസര്‍ തുളസീധരന്‍ പിള്ള, ട്രഷറി ജില്ലാ കോഡിനേറ്റര്‍ കെ പ്രദീപ് കുമാര്‍, ഇടിഎസ്ബി സെല്‍ അംഗങ്ങളായ ടി പി ഗംഗാധരന്‍, വി അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.