പത്തനംതിട്ട: മികച്ച ചികിത്സാ സേവന സൗകര്യങ്ങളുമായി ഓതറ കുടുംബാരോഗ്യകേന്ദ്രം ദേശീയ അംഗീകാരമായ നാഷണല്‍  ക്വാളിറ്റി  അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് നേടി. രോഗികള്‍ക്കുള്ള സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ് സേവനങ്ങള്‍ തുടങ്ങി 12 വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്.
ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടണം. ഓതറ കുടുംബാരോഗ്യകേന്ദ്രം 93 ശതമാനം സ്‌കോറുമായാണ് ഈ അംഗീകാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയില്‍ ആദ്യം നവീകരിക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രമാണിത്. സംസ്ഥാനതലത്തിലും ദേശീയതലത്തിലുമുള്ള വിവിധ മൂല്യനിര്‍ണയങ്ങളിലൂടെയാണ് ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിനായി തെരഞ്ഞെടുക്കുന്നത്. ഓതറ കുടുംബാരോഗ്യകേന്ദ്രത്തിന് കായകല്‍പ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.