പാതിവഴിയില്‍ നിര്‍മാണം നിലച്ചിരിക്കുന്ന പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കുമെന്ന് ഒറ്റപ്പാലം സബ്കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം അറിയിച്ചു.
പാതയുടെ നിര്‍മാണത്തിനുണ്ടായിരുന്ന സാമ്പത്തിക, സാങ്കേതിക തടസങ്ങള്‍ നീങ്ങിയിട്ടുണ്ട്. മഴമൂലമാണ് പണി വൈകുന്നതെന്നും അടുത്ത ആഴ്ച പണി പുനരാരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പധികൃതര്‍ അറിയിച്ചു.
റോഡിന്റെ വശങ്ങളിലുള്ള അപകടകരമായ മരങ്ങള്‍ ഉടന്‍ മുറിച്ചു മാറ്റണമെന്നും മരങ്ങള്‍ മുറിച്ചു മാറ്റിയതിനുശേഷം തടിയുടെ വില നിശ്ചയിക്കുന്നതാണ് ഉചിതമെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പൊതുമരാമത്ത് വകുപ്പിനോട് യോഗം നിര്‍ദ്ദേശിച്ചു.
പഞ്ചായത്ത് റോഡിന്റെ വശങ്ങളിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്ക് കത്ത് നല്‍കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടു. കൂടാതെ തെരുവുനായ വന്ധ്യംകരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെയായി 31572 പട്ടികളെ വന്ധ്യംകരിച്ചതായി മൃഗസംരക്ഷണ വകുപ്പധികൃതര്‍ അറിയിച്ചു.
മാതൃകാ ജലബഡ്ജറ്റിംഗ്: ജില്ലയില്‍ തിരഞ്ഞെടുത്തത് മൂന്നു നീര്‍ത്തടങ്ങള്‍
ശാസ്ത്രീയമായ ജലസംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ മാതൃകാ ജലബഡ്ജറ്റിംഗ് പദ്ധതി നടപ്പിലാക്കുമെന്ന് ഹരിതകേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍ അറിയിച്ചു.
ജലലഭ്യതയ്ക്കനുസരിച്ചുള്ള ജലവിനിയോഗം ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ആദ്യഘട്ടത്തില്‍ മൂന്ന് നീര്‍ത്തടങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള വട്ടച്ചിറ നീര്‍ത്തടം, പാതനാര്‍ നീര്‍ത്തടം എന്നിവയും ചിറ്റൂര്‍ ബ്ലോക്കിനു കീഴിലുള്ള അടിച്ചിറ നീര്‍ത്തടവുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവ
ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 48 കിണര്‍ റീചാര്‍ജ്ജ്, 293 കിണറുകളുടെ നിര്‍മാണവും നവീകരണും, 261 പൊതു, സ്വകാര്യ കുളങ്ങളുടെ നിര്‍മാണവും നവീകരണവും, 45000 മഴക്കുഴികളുടെ നിര്‍മാണം, 758 കനാല്‍, അരുവികള്‍ എന്നിവയുടെ നിര്‍മാണവും നവീകരണവും പൂര്‍ത്തിയായതായി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ 295.6 ഹെക്ടര്‍ തരിശ് നിലം കണ്ടെത്തിയായും കൃഷി വകുപ്പുമായി ചേര്‍ന്ന് ഇവിടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയില്‍ ഭവനനിര്‍മാണത്തിന് 6.16 കോടി
ഭൂ-ഭവനരഹിതര്‍ക്കായി ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയില്‍ വെള്ളപ്പന കോളനിയില്‍ കണ്ടെത്തിയ സ്ഥലത്ത് പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നതിന് സര്‍ക്കാരില്‍ നിന്നും 6.16 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ജില്ലാ ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടാതെ ജില്ലയില്‍ പൂര്‍ത്തീകരിക്കാത്ത 7395 വീടുകള്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്ക് ധനസഹായം നല്‍കി ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുന്ന രണ്ടാംഘട്ടത്തില്‍ 89 ശതമാനം ഗുണഭോക്താക്കളുമായും എഗ്രിമെന്റ് വയ്ക്കുന്ന നടപടി പൂര്‍ത്തിയാക്കിയിട്ടുള്ളതായും ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
ഡയാലിസിസ് യൂണിറ്റ് ആരംഭിക്കും
ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സെപ്റ്റംബര്‍ 15 നകം ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി യൂണിറ്റുകള്‍ ആരംഭിക്കും.
യോഗത്തില്‍ അവതരിപ്പിച്ചത് രണ്ടു പ്രമേയങ്ങള്‍
ജില്ലാ വികസന സമിതി യോഗത്തില്‍ രണ്ടു പ്രമേയങ്ങള്‍ അവതരിപ്പിച്ചു. വാഹനതിരക്ക് രൂക്ഷമായ പാലക്കാട്- കോഴിക്കോട് ദേശീയപാത നിര്‍മാണം ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്
മില്‍മ നടപ്പിലാക്കിയിരുന്ന ക്ഷീരകര്‍ഷകര്‍ക്കായുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയത് സംബന്ധിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ അവതരിപ്പിച്ച പ്രമേയം വി.കെ.ശ്രീകണ്ഠന്‍ എം.പി പ്രമേയത്തെ പിന്‍താങ്ങി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പാലക്കാട് എം.പി, വി.കെ.ശ്രീകണ്ഠന്‍, എം.എല്‍.എ മാരായ കെ.ബാബു, ഷാഫി പറമ്പില്‍, ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി, പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രതിനിധി സബ് കലക്ടര്‍ ട്രെയിനി ചേതന്‍കുമാര്‍ മീണ ഐ.എ.എസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.