ലോക മുലയൂട്ടൽ വാരാചരണത്തിന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ തുടക്കം. ജില്ലാ മെഡിക്കൽ ഓഫിസ് (ആരോഗ്യം), ആരോഗ്യകേരളം വയനാട്, ജില്ലാ ആശുപത്രി ഗൈനക്കോളജി-പീഡിയാട്രിക്സ് ഡിപാർട്ട്മെന്റ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വാരാചരണം നടത്തുന്നത്. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ ജില്ലാ ആശുപത്രിയിൽ നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി അധ്യക്ഷത വഹിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ. എം. സുജാത മുഖ്യപ്രഭാഷണം നടത്തി. ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുൽ റഷീദ് വാരാചരണ സന്ദേശം നൽകി. നഴ്സിങ് സൂപ്രണ്ട് പി.കെ സുഭദ്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുലപ്പാലിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ശിശുരോഗ വിദഗ്ധൻ ഡോ. പി ചന്ദ്രശേഖരൻ ക്ലാസെടുത്തു. ആറുമാസം വരെ മുലപ്പാലല്ലാതെ മറ്റൊന്നും നൽകരുതെന്നും ഏഴാം മാസം മുതൽ രണ്ടു വയസ്സു വരെയെങ്കിലും നിർബന്ധമായും മുലപ്പാൽ നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. മുലപ്പാൽ പുറപ്പെടുന്നതിന് മുമ്പ് ഉൽപാദിപ്പിക്കുന്ന ദ്രാവകമാണ് കൊളോസ്ട്രം.

ഇത് വളരെ പോഷകഗുണമുള്ളതും ഉയർന്ന അളവിൽ ആന്റിബോഡികൾ അടങ്ങിയിട്ടുള്ളതും അണുബാധകൾക്കും ബാക്ടീരിയകൾക്കുമെതിരെ പോരാടുന്ന പ്രോട്ടീനുകളാണ്. കൊളസ്ട്രം ശിശുക്കളിൽ വളർച്ചയും ആരോഗ്യവും രോഗപ്രതിരോധശേഷിയും വർധിപ്പിക്കുന്നു. കുട്ടി ജനിച്ചയുടനെ മുലയൂട്ടണം. സിസേറിയൻ ആണെങ്കിലും ഇതു ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാരാചരണത്തിന്റെ ഭാഗമായി ബേബി ഷോ, ക്വിസ് മത്സരം, എക്സിബിഷൻ, പൊതുസമ്മേളനം എന്നിവയുമുണ്ടായിരുന്നു. മികച്ച കുഞ്ഞുങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ചടങ്ങിൽ സമ്മാനം നൽകി. മാനന്തവാടി നഗരസഭ ഉപാധ്യക്ഷ ശോഭാ രാജൻ, ജില്ലാ മാസ് മീഡിയാ ഓഫിസർ കെ ഇബ്രാഹിം, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫിസർ ബി.ടി ജാഫർ തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, അമ്മമാർ തുടങ്ങിയവർ പങ്കെടുത്തു. വാരാചരണം ആഗസ്റ്റ് ഏഴിന് സമാപിക്കും.

മുലയൂട്ടൽ അമ്മയ്ക്കും കുഞ്ഞിനുമുള്ള ദിവ്യൗഷധം

രണ്ടു വയസ്സ് വരെയുള്ള മൂലയൂട്ടൽ അമ്മയ്ക്കും കുഞ്ഞിനുമുള്ള ദിവ്യൗഷധം. മുലപ്പാൽ വഴി സമ്പൂർണ ഭക്ഷണമാണ് കുഞ്ഞിന് ലഭിക്കുന്നത്. ശരിയായ സമയത്ത് മതിയായ അളവിൽ ആവശ്യമായ ഊഷ്മാവിൽ ഇതു കുഞ്ഞിലേക്ക് എത്തുന്നുവെന്നതാണ് പ്രത്യേകത. രോഗപ്രതിരോധ വസ്തുക്കളും വളർച്ചയെ സഹായിക്കുന്ന ഘടകങ്ങളും മുലപ്പാലിൽ അടങ്ങിയിരിക്കുന്നു.

ഇക്കാരണത്താൽ അണുബാധയിൽ നിന്നു സംരക്ഷണവും മാനസികവും ശാരീരികവുമായ വളർച്ചയും അധികമായി കുഞ്ഞിന് ലഭിക്കുന്നു. വയറിളക്കം, ചെവിയിൽ പഴുപ്പ്, മൂത്രത്തിൽ പഴുപ്പ് തുടങ്ങിയവ മുലപ്പാൽ കുടിക്കുന്ന കുട്ടികളിൽ കുറവാണ്. പ്രമേഹം, കാൻസർ, അലർജി രോഗങ്ങൾക്കുള്ള സാധ്യതയും മുലപ്പാൽ കുറയ്ക്കുന്നു.

അമ്മയും കുഞ്ഞും തമ്മിലുള്ള മാനസിക ബന്ധം ദൃഢമാക്കാൻ മുലയൂട്ടലിന് കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. പ്രസവാനന്തരമുള്ള രക്തസ്രാവം കുറയ്ക്കുന്നതിനൊപ്പം ഗർഭധാരണത്തിന് മുമ്പുള്ള ശരീരപ്രകൃതം തിരിച്ചുകിട്ടാനും ഇതു സഹായകമാണ്. സ്തനങ്ങൾക്കും അണ്ഡാശയങ്ങൾക്കുമുണ്ടാകുന്ന അർബുദത്തിൽ നിന്ന് ഒരുപരിധി വരെ സംരക്ഷണം നൽകും. സിസേറിയനാണെങ്കിലും ആദ്യ മൂലയൂട്ടൽ അരമണിക്കൂറിനുള്ളിൽ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

ഏദൻ റോൾദോൻ ‘ബെസ്റ്റ് ബേബി’

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി നടന്ന ബേബി ഷോയിൽ ‘ബെസ്റ്റ് ബേബി’യായി ഏദൻ റോൾദോൻ. മാനന്തവാടി കൂനാർവയൽ സ്വദേശികളായ എലിസബത്ത്-റോൾദോൻ ദമ്പതികളുടെ മകനാണ് ഏഴുമാസം പ്രായമുള്ള ഏദൻ. കൂനാർവയൽ സ്വദേശികൾ തന്നെയായ അമൃത-ഹരീഷ് ദമ്പതികളുടെ മകൻ അനിരുദ്ധ് ഹരീഷ് രണ്ടാംസ്ഥാനം നേടി. എട്ടുമാസമാണ് അനിരുദ്ധിന്റെ പ്രായം. 11 മാസം പ്രായമുള്ള മുഹമ്മദ് റിഷാൻ മൂന്നാം സ്ഥാനത്തെത്തി. മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ റുബീന-സജീർ ദമ്പതികളുടെ മകനാണ് റിഷാൻ.

ആറു ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തി ആറുമാസം മുതൽ ഒന്നര വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളിൽ നിന്നാണ് ‘ബെസ്റ്റ് ബേബി’യെ കണ്ടെത്തിയത്. കൃത്യസമയത്ത് കുഞ്ഞിന് ഇമ്മ്യൂണൈസേഷൻ നൽകിയിട്ടുണ്ടോ എന്നതാണ് ആദ്യം പരിശോധിച്ചത്. പ്രായത്തിനനുസരിച്ച തൂക്കം, വളർച്ചാ ഘട്ടങ്ങളിലെ ശാരീരിക മാറ്റം, ആറുമാസം വരെയുള്ള ശരിയായ മുലയൂട്ടൽ, തുടർന്നും മുലയൂട്ടുന്നുണ്ടോ, പ്രായത്തിനനുസരിച്ച പ്രസരിപ്പ് എന്നീ കാര്യങ്ങൾ അടുത്ത ഘട്ടങ്ങളിൽ പരിശോധിച്ചു.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ച കുഞ്ഞുങ്ങൾക്ക് യഥാക്രമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ ദേവകി, മാനന്തവാടി നഗരസഭ ഉപാധ്യക്ഷ ശോഭാ രാജൻ എന്നിവർ സമ്മാനം നൽകി.