ഓരോ വീട്ടിലും ജൈവ പച്ചക്കറി ഉറപ്പാക്കുക ലക്ഷ്യം: എം.എല്‍.എ.
ഓരോ വീട്ടിലും ജൈവ പച്ചക്കറി ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കാരംവേലി തുണ്ടഴം ജംഗ്ഷനില്‍ സഹകരണ മേഖലയില്‍ ആരംഭിച്ച ജില്ലയിലെ ആദ്യ കര്‍ഷക മിത്ര സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.
ജൈവ പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിന് സഹായകമായ വിപണിയും സംഭരണശാലകളും ജൈവവളവും അനിവാര്യമാണെന്നും എം എല്‍ എ പറഞ്ഞു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുക, പ്രാദേശിക കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക, യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുക, കര്‍ഷകര്‍ക്ക് വിത്ത്, വളം, ജൈവ കീടനാശിനി, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് കാരംവേലി സര്‍വീസ് സഹകരണ സംഘത്തിന്റെ സഹായത്തോടെ കര്‍ഷക മിത്ര സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്.
അദ്യ വില്‍പ്പന സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു നിര്‍വഹിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ ചീഫ് പ്രമോട്ടര്‍ എംഎം തോമസിനെ ആദരിച്ചു. മല്ലപ്പുഴശേരി കൃഷിവന്‍, കാരംവേലി സഹകരണ സംഘത്തിന്റെ സഹായത്തോടെ ആരംഭിക്കുന്ന ഹാപ്പി ജൈവ പച്ചക്കറി സ്റ്റാള്‍ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍ ഉദ്ഘാടനം ചെയ്തു.
കാരംവേലി സഹകരണസംഘം പ്രസിഡന്റ് പി.കെ കരുണാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വത്സമ്മ മാത്യു, മല്ലപ്പുഴശേരി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്ഥിരം സമിതി അധ്യക്ഷ എം.എസ്.സുമിത്ര, മല്ലപ്പുഴശേരി കൃഷി ഓഫീസര്‍ ബീന തുടങ്ങിയവര്‍ പങ്കെടുത്തു.