പത്തനംതിട്ട: അരുവിക്കുഴി വെള്ളച്ചാട്ടത്തില്‍ സാഹസിക വിനോദസഞ്ചാര പദ്ധതിയുടെ സാധ്യത പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. ടൂറിസം വികസനത്തിന് പദ്ധതി തയാറാക്കുന്നതിനു മുന്നോടിയായി കോഴഞ്ചേരി തോട്ടപ്പുഴശേരി വില്ലേജിലെ അരുവിക്കുഴി വെള്ളച്ചാട്ടം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരുവിക്കുഴിയെ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുന്നതിന് പദ്ധതി തയാറാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ വീണാ ജോര്‍ജ് എംഎല്‍എ നിര്‍ദേശിച്ചിരുന്നു.
വെള്ളച്ചാട്ടത്തിന്റെ ചുറ്റുമുള്ള സ്ഥലങ്ങളും ഉപയോഗപ്പെടുത്തിയുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇതിനായി സാധ്യതാ പഠനം ഉടന്‍ നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. പത്തനംതിട്ട കുമ്പഴയില്‍ തുടങ്ങുന്ന ടൂറിസം പ്രോജക്ട് വിലയിരുത്താന്‍ അടുത്തയാഴ്ച എത്തുന്ന സാധ്യതാപഠന ടീമിനെ അരുവിക്കുഴിയിലും പദ്ധതി തയാറാക്കുന്നതിന് നിയോഗിക്കും.
  ഘട്ടംഘട്ടമായായിരിക്കും അരുവിക്കുഴിയുടെ ടൂറിസം വികസനം നടപ്പാക്കുക. സ്ഥിരമായി വെള്ളം കെട്ടി നില്‍ക്കാത്ത സാഹചര്യം കണക്കിലെടുത്ത് വെള്ളം എങ്ങനെ തടഞ്ഞു നിര്‍ത്താം, വെള്ളം പമ്പു ചെയ്ത് മുകളിലെത്തിച്ച് വീണ്ടും വെള്ളച്ചാട്ടമായി വരുത്തുക തുടങ്ങിയ സാധ്യതയും പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
തിരുവല്ല തഹസില്‍ദാര്‍ ശോഭനാ ചന്ദ്രന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം ഹുസൈന്‍, തോട്ടപ്പുഴശേരി വില്ലേജ് ഓഫീസര്‍ മിനി കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.