കശുവണ്ടി തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കാൻ പ്രത്യേക സംഘം ഫാക്ടറികളിൽ ആവശ്യമായ പരിശോധന നടത്തുമെന്ന് ഫിഷറീസ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു.  സെക്രട്ടേറിയറ്റിൽ ചേർന്ന വ്യവസായബന്ധസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴിൽ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സേവനം ഫാക്ടറി പരിശോധനയ്ക്കായി ഉപയോഗിക്കുമെന്ന് യോഗത്തിൽ അധ്യക്ഷനായ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
2015 മുതൽ മിനിമം വേതനം പുതുക്കി വിജ്ഞാപനം വന്നെങ്കിലും സ്വകാര്യ ഫാക്ടറികൾ പൂർണമായും നടപ്പാക്കിയിട്ടില്ല.

ഫാക്ടറികൾ അടച്ചിട്ട് കുടിൽ വ്യവസായ രീതിയിൽ തൊഴിലാളികളെ പണിയെടുപ്പിച്ച് അർഹമായ ആനുകൂല്യങ്ങൾ നൽകാതെ തൊഴിലാളികളെ കബളിപ്പിക്കുന്നതും സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇത് തടയാൻ കാഷ്യു സ്‌പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പരിശോധന നടത്തും.

സർക്കാർ ഇടപെടലുകളിലൂടെ കശുവണ്ടി വ്യവസായ പുനരുദ്ധാരണത്തിന് അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നത്.  തോട്ടണ്ടിയുടെ വില കഴിഞ്ഞവർഷത്തെ വിലയേക്കാൾ പകുതിയായി കുറഞ്ഞിട്ടുണ്ട്. ബാങ്കുകളിലൂടെ 275 ഫാക്ടറികൾക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലാണ്.

ഇതിന്റെ ഫലമായി 465 ഫാക്ടറികൾ ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഫാക്ടറികൾ പ്രവർത്തിക്കുന്നതിനോടൊപ്പം തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും സംരക്ഷിക്കേണ്ടതുണ്ടെന്ന് മന്ത്രിമാർ വ്യക്തമാക്കി.

കെ.രാജഗോപാൽ, ബി.തുളസീധരക്കുറുപ്പ്, എസ്.ജയമോഹൻ, കരിങ്ങന്നൂർ മുരളി, ബാബു ഉമ്മൻ, അഡ്വ.എസ് ശ്രീകുമാർ, ശിവജി സുദർശൻ, ജയ്‌സൻ ഉമ്മൻ, ജോബ്രൂൺ.ജി.വർഗ്ഗീസ്, അഡ്വ.കല്ലട കുഞ്ഞുമോൻ, അഡ്വ.രാജു, കെ.സിരീഷ്, എഴുകോൺ സത്യൻ, കീരത്തിൽ ദിവാകരൻ പിള്ള, കെ ജയലാൽ, രാജു.വി, ജയകുമാർ.ബി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.