കൊല്ലം ജില്ലയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം തത്‌സമയം അളന്ന് തിട്ടപ്പെടുത്തുന്ന സംവിധാനം വരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടിന്യുവസ് ആമ്പിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനിലാണ് സൗകര്യം വരുന്നത്. കൊല്ലം കോര്‍പ്പറേഷന്റെ പോളയത്തോടുളള ഷോപ്പിംഗ് ക്ലോംപ്ലക്‌സിലാകും സംരംഭത്തിന്റെ തുടക്കം. പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം മേയര്‍ അഡ്വ. വി. രാജേന്ദ്ര ബാബു നിര്‍വ്വഹിച്ചു.
നിലവില്‍ ഈ സംവിധാനം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ മാത്രമാണുള്ളത്. 2019 സെപ്റ്റംബറില്‍ ജില്ലയിലെ കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കുകയാണ് ലക്ഷ്യം.
വായു മലിനമാക്കുന്ന വിവിധ ഘടകങ്ങള്‍ പരിധിയ്ക്കുളളിലാണോ എന്നുറപ്പാക്കുന്നതിനും ഗുണനിലവാര സൂചികയായ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് വഴി കോര്‍പ്പറേഷന്‍ പ്രദേശത്തെ വായുവിന്റെ അവസ്ഥ കണ്ടെത്തുന്നതിനും സംവിധാനം പ്രയോജനപ്പെടും. വായു ഗുണനിലവാരം തത്സമയം പ്രദര്‍ശിപ്പിക്കുന്നതിലൂടെ ജനങ്ങളില്‍ ബോധവത്ക്കരണം നടത്താനുമാകുമെന്ന് മേയര്‍ പറഞ്ഞു. മലിനീകരണം കുറയ്ക്കുന്ന പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനുള്ള പ്രചോദനവും പദ്ധതിയിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍മാരായ ബിന്ദു രാധാകൃഷ്ണന്‍, പി. സിമി തുടങ്ങിയവര്‍ പങ്കെടുത്തു.
