* ദേശീയ ഭക്ഷ്യ ഭദ്രതാനിയമം സംബന്ധിച്ച ബോധവല്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

ഭക്ഷ്യധാന്യം തങ്ങളുടെ അവകാശമാണെന്ന അവബോധം ജനങ്ങളിലുണ്ടാക്കാൻ ഭക്ഷ്യകമ്മീഷനാകണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ദേശീയ ഭക്ഷ്യ ഭദ്രതാനിയമം 2013 സംബന്ധിച്ച ജില്ലാതല ബോധവല്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിലും ഗർഭിണികൾക്കും അമ്മമാർക്കുമുൾപ്പെടെ നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണമേ• ഉറപ്പുവരുത്താനാകണം.  സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യവിഹിതം അർഹരായവരുടെ കൈകളിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 90 ശതമാനം ജനങ്ങളിലേക്കും ഭക്ഷ്യധാന്യങ്ങളെത്തിക്കാനായി. ആദിവാസി ഊരുകളിലേക്ക് നേരിട്ടുള്ള വിതരണവും ഫലപ്രദമായി നടപ്പിലാക്കാനായി. പൊതുവിതരണത്തിൻ ക്രമക്കേട് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കർഷകരിൽ നിന്ന് നേരിട്ട് ധാന്യം സംഭരിക്കുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യഭദ്രതാനിയമത്തെക്കുറിച്ച് സംബന്ധിച്ച് തയ്യാറാക്കിയ കൈപ്പുസ്തകം ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. ജനങ്ങൾക്കിടയിലേക്കിറങ്ങി പൊതുവിതരണം സംബന്ധിച്ച പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കാണാനാണ് കമ്മീഷൻ ശ്രമിക്കുന്നതെന്ന്് ചടങ്ങിൽ അധ്യക്ഷത വഹിച്ച ചെയർമാൻ കെ. വി. മോഹൻകുമാർ പറഞ്ഞു. സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. എൻ. തേജ്ലോഹിത് റെഡ്ഡി, കമ്മീഷൻ അംഗങ്ങളായ കെ. ദിലീപ്കുമാർ, വി. രമേശൻ, എം. വിജയലക്ഷ്മി, ശ്രീജ കെ. എസ്., അഡ്വ. ബി. രാജേന്ദ്രൻ , ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്.റാണി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി. മനോജ്കുമാർ, അനിത ദീപ്തി തുടങ്ങിയവർ സംബന്ധിച്ചു.