ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായ മന്തുരോഗ പ്രതിരോധ ചികിത്സ ജില്ലയില്‍ നല്‍കിത്തുടങ്ങി. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപം ഉദ്ഘാടനം ചെയ്തു. പ്രതിരോധ മരുന്ന് വിതരണത്തിലൂടെ രോഗം പടരുന്നത് ഫലപ്രദമായി നിയന്ത്രിക്കാനാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മരുന്ന് കൃത്യമായി കഴിക്കുകയാണ് ഈ ഘട്ടത്തില്‍ പ്രധാനമെന്നും മേയര്‍ ഓര്‍മ്മിപ്പിച്ചു.
ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും നടത്തിയ പരിശോധനയില്‍ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിലാണ് മരുന്ന് വിതരണവും ചികിത്സയും നല്‍കുന്നത്. ജനുവരി ആറുവരെ സമൂഹ മന്തുരോഗ ചികിത്സ തുടരും. ആരോഗ്യ പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരുമടങ്ങുന്ന സംഘമാണ് ഇതര സംസ്ഥാന തൊഴിലാളികളെ സന്ദര്‍ശിച്ച് മരുന്ന് നല്‍കുന്നത്.
ചടങ്ങില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍ അധ്യക്ഷയായി. ഡി.എം.ഒ. ഡോ. വി.വി. ഷേര്‍ളി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ആര്‍. സന്ധ്യ, ജില്ലാ മലേറിയ ഓഫീസര്‍ ടി. സുരേഷ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം. റമിയ ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.
