* പെരുനാട് മഠത്തുംമൂഴി – പൂവത്തുംമൂട് റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു

അതിവേഗ റെയില്‍വേയും തീരദേശ ഹൈവേയും മലയോര ഹൈവേയും യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പെരുനാട് മഠത്തുംമൂഴി – പൂവത്തുംമൂട് റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലു മണിക്കൂര്‍ കൊണ്ടു തിരുവനന്തപുരത്തു നിന്നു കാസര്‍ഗോഡ് എത്താന്‍ കഴിയുന്നതാണ് അതിവേഗ റെയില്‍ പദ്ധതി. സംസ്ഥാനത്ത് വലിയ നിലയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഗെയ്ല്‍ പൈപ്പ് ലൈന്‍ പൂര്‍ത്തീകരണ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.  വടക്കേ ഇന്ത്യയില്‍ ഗ്രാമപ്രദേശത്ത് റോഡുകളേയില്ല. എന്നാല്‍, കേരളത്തിലെ ഗ്രാമീണ മേഖലയിലെ റോഡുകള്‍ എത്ര മനോഹരമായാണ് നിര്‍മിച്ചിരിക്കുന്നതെന്ന് നാം മനസിലാക്കണം.

വടശേരിക്കര മുതല്‍ ചിറ്റാര്‍ ഭാഗത്തേക്ക് റോഡുപണി ആരംഭിച്ചപ്പോഴാണ് അവിടെ പൈപ്പ്‌ലൈനിന്റെ പ്രശ്‌നം വന്നത്. നിലവില്‍ റോഡിന് അനുവദിച്ച തുകയില്‍ നിന്നുമാണ് പണം മുടക്കി പേഴുംപാറ വരെ പുതിയ പൈപ്പ് സ്ഥാപിച്ച് പ്രശ്‌നം പരിഹരിച്ചത്. ഈ പ്രദേശത്തേക്കുള്ള എസ്റ്റിമേറ്റ് ലഭിച്ചിട്ടുണ്ട.് അത് പരിശോധിച്ച് ആവശ്യമായ നടപടി സര്‍ക്കാര്‍ എടുക്കുമെന്നും ഇതിന്റെ പേരില്‍ അനാവശ്യ വിവാദം ഉയര്‍ത്തിയത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.

പെരുനാട് കൊച്ചു പാലം ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ രാജുഏബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ചു. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു, സി ആര്‍ മോഹനന്‍, പി എസ് മോഹനന്‍, കെ ടി സജി, മനീഷ്, നൗഷാദ് പൊട്ടന്‍ മൂഴി,  എം സി രാമചന്ദ്രന്‍, പിഡബ്ല്യുഡി റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍ അനില്‍ കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ബി ശ്രീലത എന്നിവര്‍ പ്രസംഗിച്ചു.

രണ്ടു കിലോ മീറ്റര്‍ ദൂരത്തില്‍ ബി എം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയില്‍ 1.70 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മിക്കുന്നത്. പെരുനാട് ഹൈസ്‌കൂള്‍, പോലീസ് സ്റ്റേഷന്‍, സാമൂഹിക  ആരോഗ്യ കേന്ദ്രം, കക്കാട്ട് കോയിക്കല്‍ ക്ഷേത്രം, മാര്‍ക്കറ്റ് എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന പ്രാധാന്യമേറിയ ഈ റോഡ് അന്തര്‍ദേശീയ നിലവാരത്തിലാണ് നിര്‍മിക്കുന്നത്. പെരുനാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്ന് അത്തിക്കയം ഭാഗത്തേക്ക് ഒരു വര്‍ഷം മുമ്പ് ബി എം ബിസി നിലവാരത്തില്‍ റോഡ് പണി പൂര്‍ത്തികരിച്ചിരുന്നു. ഇതുവഴി അത്തിക്കയം, റാന്നി, എരുമേലി ഭാഗത്തേക്ക് എത്താനും എളുപ്പമാണ്.