നേർക്കാഴ്ചയുമായി സെക്രട്ടേറിയറ്റിനുമുന്നിൽ സംഘടിപ്പിച്ച ഫോട്ടോപ്രദർശനം ശ്രദ്ധനേടുന്നു.
ഓഖി ദുരിതാശ്വാസ നിധി സ്വരൂപിക്കുന്നതിന്‍റെ ഭാഗമായാണ് തിരുവനന്തപുരത്തെ മാധ്യമ സ്ഥാപനങ്ങളിലെ ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം നടത്തുന്നത്. സെക്രട്ടറിയേറ്റ് ആസാദ് ഗേറ്റിനു മുന്നിലാണു പ്രദർശനം.
വിവിധ മാധ്യമ സ്ഥാപനങ്ങളിലെ ഫോട്ടോഗ്രാഫർമാർ പകർത്തിയ ദുരന്തത്തിന്‍റെ 100  ദൃശ്യങ്ങളാണു പ്രദർശനത്തിനുള്ളത്. ദുരന്തത്തിന്‍റെ ആഘാതവും ദുരന്തം വഴിയുണ്ടായ നഷ്ടവും വാർ‌ത്താ ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്നു. മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ ദൈന്യതയും കുടുംബാംഗങ്ങളുടെ വേദനയും ചിത്രങ്ങളിലൂടെ ദൃശ്യമാണ്. ദുരന്തത്തെ കുറിച്ചു നഗരവാസികളെ ബോധ്യപ്പെടുത്തുന്നതിനായാണു പ്രസ് ക്ലബ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
പ്രദർശന സ്ഥലത്തു നിന്നും ശേഖരിക്കുന്ന ദുരിതാശ്വാസ ഫണ്ട് അടുത്ത ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറും. ഇത്തവണ പ്രസ് ക്ലബ് പുതുവൽസരാഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. ഇതിനു ചെലവാകേണ്ടിയിരുന്ന തുകയും പ്രസ് ക്ലബ് അംഗങ്ങൾ നൽകുന്ന സംഭാവനയും അടക്കമായിരിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുക.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവനയും നൽകി. ചിത്രങ്ങൾ തീരത്തെ ദുരിതത്തിന്‍റെ ആഘാതം ബോധ്യപ്പെടുത്തുന്നതാണെന്നു കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൊതുജനങ്ങളെ ദുരന്തത്തിന്‍റെ അവസ്ഥ ബോധ്യപ്പെടുത്തി സഹായം നൽകുന്നതിനു സന്നദ്ധമാക്കുന്നതിനുള്ള തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ പരിശ്രമം ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.