പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ പ്രശ്‌നങ്ങളില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ എടുത്ത നിലപാടുകളോട് സര്‍ക്കാര്‍ പൂര്‍ണമായ പിന്തുണയും സഹകരണവുമുണ്ടായിരുന്നുവെന്ന് കാലാവധി പൂര്‍ത്തിയാക്കിയ പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ പി.എന്‍. വിജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മൂന്നു വര്‍ഷമാണ് കമ്മീഷന്റെ കാലാവധി. 2012 ജനുവരി മൂന്നു മുതല്‍ 2018 ജനുവരി മൂന്നുവരെ രണ്ട് ടേമുകളില്‍ പ്രവര്‍ത്തിക്കാന്‍ ഈ കമ്മീഷന് സാധിച്ചു. ഈ കാലയളവില്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ജനവിഭാഗത്തിനുവേണ്ടി ധാരാളം നല്ല കാര്യങ്ങള്‍ ചെയ്തു.
ആറു വര്‍ഷം കൊണ്ട് 18,000 കേസുകള്‍ കമ്മീഷന്‍ മുമ്പാകെ വന്നു. അതില്‍ 12,000 കേസുകളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 200 അദാലത്തുകള്‍ സംഘടിപ്പിച്ചു. ആഴ്ചയില്‍ ആറു ദിവസവും സിറ്റിങ്ങുകള്‍ നടത്തുകയും പരാതികള്‍ പരിഗണിക്കുകയും സമയബന്ധിതമായി പരാതികള്‍ തീര്‍പ്പു കല്‍പിക്കുകയും ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ പ്രൊമോട്ടര്‍മാര്‍ക്കുവേണ്ടി എറണാകുളത്തും കോഴിക്കോടും രണ്ടു ദിവസത്തെ ശില്പശാലകള്‍ സംഘടിപ്പിച്ചു. പട്ടികജാതി-പട്ടികഗോത്ര വര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചും നിയമസംരക്ഷണത്തെക്കുറിച്ചും പട്ടികജാതി പീഡന നിരോധന നിയമം, വനാവകാശ നിയമം എന്നിവ സംബന്ധിച്ചും കൈപ്പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
കോതമംഗലം വാരിയം കോളനി, അടിമാലി ചുരകെട്ടാന്‍ ട്രൈബല്‍ സെറ്റില്‍മെന്റ്, ആറളം ഫാം, പാലക്കാട് ഗോവിന്ദാപുരം കോളനി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വിവിധ പ്രശ്‌നങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കി. അട്ടപ്പാടി ആദിവാസി മേഖലയിലെ പോഷകാഹാരക്കുറവ് സംബന്ധിച്ചും യുവാക്കള്‍ക്കിടയിലെ അരിവാള്‍ രോഗം സംബന്ധിച്ചും രോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.
ദേശീയ പട്ടികജാതി കമ്മീഷന്‍, പട്ടിക വര്‍ഗകമ്മീഷന്‍ എന്നിവരുമായി കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കാനും പട്ടികവിഭാഗങ്ങളെ ശാക്തീകരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും കമ്മീഷനു സാധിച്ചു. സര്‍ക്കാരുകളുടെ പൂര്‍ണമായ പിന്തുണയും സഹകരണവും കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സഹായകമായെന്നും ചെയര്‍മാന്‍ പറഞ്ഞു. കമ്മീഷന്‍ അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വ. കെ.കെ. മനോജ്, രജിസ്ട്രാര്‍ ഒ.എം. മോഹനന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.