കൊച്ചി: ഉദയംപേരൂർ ഗ്രാമ പഞ്ചായത്തിൽ അനധികൃതമായി പുറമ്പോക്ക് പ്രദേശത്തെ മരം മുറിക്കൽ പൊതു തോട് കയ്യേറ്റം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പലതവണ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകാത്ത സെക്രട്ടറിക്കെതിരെ നടപടിയെടുക്കുന്നതിന് കളക്ടറോട് ശുപാർശ ചെയ്യാൻ കണയന്നൂർ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.
കൂടാതെ കളമശ്ശേരി നഗരസഭയും ഇടപ്പള്ളി വില്ലേജ് ഓഫീസറും ഇടപ്പള്ളി തോട് കൈയേറി ഭിത്തി കെട്ടിയ കോൺഫിഡന്റ് ഗ്രൂപ്പിനോട് നിർമാണം നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും പണിപൂർത്തിയാക്കി. കോൺഫിഡന്റ് ഗ്രൂപ്പിന് എതിരെ നടപടിയെടുക്കണമെന്നും ഭിത്തി പൊളിക്കണമെന്നും കളടക്ടറോട് ആവശ്യപ്പെട്ടുള്ള പ്രമേയവും സമിതി പാസാക്കി.
ഇടപ്പള്ളി നോർത്ത് വില്ലേജിൽ റീസർവെയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് സെപ്റ്റംബർ 3ന് അദാലത്ത് നടത്താൻ താലൂക്ക് വികസന സമിതി തീരുമാനിച്ചു.
നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന പി.എസ് ഹോസ്റ്റലിന് എതിരെ പരാതി നൽകിയിട്ട് കോർപ്പറേഷൻ അധികൃതർ നടപടി എടുക്കാൻ തയാറായില്ല എന്ന് പരാതി ഉയർന്നു . കോർപ്പറേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളുടെയും ഹോം സ്റ്റേകളുടെയും ലിസ്റ്റ് അടുത്ത വികസനസമിയിൽ ഹാജരാക്കാൻ കോർപ്പറേഷന് നിർദ്ദേശം നൽകി.
ഹൈക്കോർട്ട് ജംഗ്ഷൻ, മഹാരാജസ് കോളേജ്, കടവന്ത്ര പോലീസ് സ്റ്റേഷൻ , ചമ്പക്കര കനാൽ ബണ്ട് റോഡ് തുടങ്ങിയ സ്ഥലങ്ങളിലുള്ള അപകടാവസ്ഥയിലായ മരക്കൊമ്പുകൾ മുറിച്ചു നീക്കാൻ കോർപറേഷന് നിർദ്ദേശം നൽകി.
കണയന്നൂർ താലൂക്ക് പരിധിയിൽ വരുന്ന പ്രൈവറ്റ് ബസ്സുകൾ ഷെഡ്യൂൾ അനുസരിച്ച് ഓടുന്നുണ്ടോ എന്ന് അന്വേഷിക്കാൻ ആർടിഒയ്ക്ക് നിർദ്ദേശം നൽകി. കണ്ടംകേരി പട്ടികജാതി കോളനിയിൽ തുടർച്ചയായി കെഎസ്ഇബിയുടെ കമ്പി പൊട്ടി വീഴുന്നതായി പരാതി ഉയർന്നു.
ഇടപ്പള്ളി പോസ്റ്റ് ഓഫീസിന് സമീപം മെട്രോയോട് ചേർന്നുള്ള അപകടാവസ്ഥയിലായ ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കണമെന്നും ഹൈമാസ്റ്റ് ലൈറ്റുകളുടെ കണക്ക് കെഎസ്ഇബി സൂക്ഷിക്കണമെന്നും പി ടി തോമസ് എം എൽ എ പറഞ്ഞു. വൈറ്റില സഹോദരൻ അയ്യപ്പൻ റോഡിൽ കോർപ്പറേഷൻ കെട്ടിടത്തിൽ അഞ്ച് കുടുംബങ്ങൾ യാതൊരു അടിസ്ഥാന സൗകര്യമില്ലാതെയാണ് താമസിക്കുന്നത്. ഇവരെ മാറ്റിപ്പാർപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നു,
പി.ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ച താലൂക്ക് വികസന സമിതി യോഗത്തിൽ കണയന്നൂർ തഹസീൽദാർ ബീനാ പി ആനന്ദ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ ആന്റണി, എൽ ആർ തഹസിൽദാർ മുഹമ്മദ് സാബിർ വികസന സമിതി അംഗങ്ങളായ മനോജ് പെരുമ്പിള്ളി, വിനോദ് സി, കെഎസ്ഇബി, പൊലീസ് , വാട്ടർ അതോറിറ്റി, ആർറ്റിഒ, കൊച്ചിൻ കോർപ്പറേഷൻ , കെ എസ് ആർ ടി സി , ജില്ലാ മെഡിക്കൽ ഓഫീസ്, പിഡബ്ല്യുഡി റോഡ്സ് , നാഷണൽ ഹൈവേ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.