കൊച്ചി: കൊച്ചി റിഫൈനറിയിലെ അത്യാധുനിക ഏരിയല്‍ ഹൈഡ്രോളിക് പ്ലാറ്റ് ഫോം സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്ഘാടനം ചെയ്തു.  കാച്ചി റിഫൈനറിയുടെ അഗ്നിശമന, രക്ഷാസംവിധാനത്തിലേക്ക് പുതിയൊരു അത്യാധുനിക ഉപകരണം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഉയര്‍ന്ന ഇടങ്ങളിലെ തീ അണക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേകം രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്ന ഈ ഏരിയല്‍ ഹൈഡ്രോളിക് പ്ലാറ്റ്‌ഫോം കേരളത്തില്‍ ആദ്യത്തേതാണ്.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഈ ഉപകരണം കൊച്ചി റിഫൈനറിയിലെ പ്രധാന ഫയര്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ കളക്ടര്‍  എസ്. സുഹാസ് ഐ.എ.എസ്., ബി.പി.സി.എല്‍. കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  പ്രസാദ് കെ പണിക്കര്‍ മറ്റ് സീനിയര്‍ ഉദ്യോഗസ്ഥരായ ശ്രീ. ജയേഷ് ഷാ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍-എച്ച്. ആര്‍),  പി. മുരളി മാധവന്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍-റിഫൈനറി ഓപ്പറേഷന്‍സ്), ചീഫ് ജനറല്‍ മാനേജര്‍മാരായ  ബാബു ജോസഫ്, ശ്രീ. സുബ്രമുണ്യ അയ്യര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
എട്ടു കോടി രൂപയോളം വിലവരുന്ന ഈ ട്രക്ക്, പ്രത്യേകിച്ച് റിഫൈനറിയിലെ സാങ്കേതിക പ്രാധാന്യമുള്ള ഇടങ്ങള്‍, ഉയര്‍ന്ന കെട്ടിടങ്ങള്‍, എണ്ണ ടാങ്കുകള്‍, വാഹനങ്ങള്‍, സംസ്‌കരണ സംവിധാനങ്ങള്‍ പോലുള്ള ഉയര്‍ന്ന ഇടങ്ങളിലെ അഗ്നിശമന, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. ആഗോളതലത്തില്‍ ട്രക്ക് മൗണ്ടഡ് ഏരിയല്‍ പ്ലാറ്റ്‌ഫോമുകള്‍ ലഭ്യമാക്കുന്ന, ഫിന്‍ലാന്‍ഡിലെ ബ്രോണ്‍റ്റോ സ്‌കൈലിഫ്റ്റ്ആണ് ഈ അതിസങ്കീര്‍ണ്ണ ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്.
ഈ പ്ലാറ്റ്‌ഫോമിന് അഞ്ചുപേരെ വഹിക്കാനും തീ അണയ്ക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി 44 മീറ്റര്‍ വരെ ഉയരത്തില്‍ എത്താനുമുള്ള ശേഷിയുണ്ട്. ഇതില്‍ ഉയര്‍ന്ന ഇടങ്ങളില്‍ കുടുങ്ങിയിരിക്കുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനു വേണ്ടി സ്‌പൈരല്‍ റസ്‌ക്യു ച്യൂട്ട് ഉണ്ട്. ഈ അത്യാധുനിക സുരക്ഷാ സംവിധാനത്തില്‍ എല്ലായ്‌പോഴും 100 ശതമാനം സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുള്ള സെന്‍സറുകളും, ഇന്റര്‍ലോക്കുകളും കൂടി ഉള്‍പ്പെട്ടിരിക്കുന്നു. ഈ ഉന്നതമര്‍ദ്ദ (High pressure) മിക്‌സ്മാറ്റിക് (MIXMATIC) അഗ്നിശമന സംവിധാനത്തിന് എണ്ണ ടാങ്കുകളിലെ തീ അണക്കുന്നതിനും, ഉയര്‍ന്ന കെട്ടിടങ്ങള്‍, സതൂപങ്ങള്‍, വെസ്സലുകള്‍ മുതലായവയിലെ ജ്വലനശേഷിയുള്ള ദ്രാവകങ്ങളില്‍ പടരുന്ന തീ അണക്കുന്നതിനും ആവശ്യമായ 4800 പി.പി.എം. ഫയര്‍ഫൈറ്റിംഗ് ഫോം ഉല്പാദിപ്പിക്കാന്‍ കഴിയും.
‘ഈ സംവിധാനം സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ ഉത്തരോത്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന കൊച്ചി റിഫൈനറിയുടെ സുരക്ഷാ തയ്യാറെടുപ്പുകള്‍ കൂടൂതല്‍ വര്‍ദ്ധിപ്പിക്കും. കൊച്ചി റിഫൈനറിയില്‍ നിലവിലുള്ള അഗ്നിശമന വാഹനസേന, അതുല്യവും ഹൈട്രോകാര്‍ബണ്‍ ഫയര്‍, തീ പിടിക്കുന്ന, വിഷമയമായ വാതകചോര്‍ച്ചകള്‍, കെമിക്കല്‍ എമര്‍ജന്‍സികള്‍, ടെക്‌നിക്കല്‍ റെസ്‌ക്യു, ഉയര്‍ന്ന കെട്ടിടങ്ങളിലെ അഗ്നിബാധ, മണ്ണിടിച്ചില്‍, ഭൂകമ്പം മുതലായ എല്ലാ അടിയന്തിര സാഹചര്യങ്ങളെയും നേരിടാന്‍ ശേഷിയുള്ളതാണ്.
അപകടകരമായ വസ്തുക്കള്‍ മൂലമുണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള, ഓസ്ടിയയില്‍ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്ന, 300 ല്‍ അധികം തരം രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ ഉള്‍കൊള്ളുന്ന അത്യാധുനിക ഹസാര്‍ഡസ് മെറ്റീരിയല്‍ എമര്‍ജന്‍സി ആന്‍ഡ് റെക്യു വെഹിക്കിള്‍ രാജ്യത്ത് മറ്റെങ്ങും ഇല്ലാത്തതാണ്.