ചിറ്റൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്റെ കീഴിലുള്ള കമ്മ്യൂണിറ്റി റെസ്‌ക്യൂ വൊളന്റിയര്‍ ടീമിന്റെ മൂന്നാംഘട്ട പരിശീലനവും ഐഡന്റിറ്റി കാര്‍ഡ് വിതരണോദ്ഘാടനവും  ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.

അത്യാഹിതം നടക്കുന്ന സമയത്ത് അപകടത്തില്‍പ്പെട്ടവരെ സഹായിക്കാനുള്ള സന്മനസ് വളര്‍ത്തിയെടുക്കാന്‍ കമ്മ്യൂണിറ്റി ആന്‍ഡ് റെസ്‌ക്യു വൊളന്റിയര്‍മാര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. ചിറ്റൂര്‍ കോളേജിലെ എന്‍.സി.സി. കേഡറ്റുകളായ 66 വിദ്യാര്‍ഥികള്‍ക്കാണ് കമ്മ്യൂണിറ്റി റെസ്‌ക്യൂ വൊളന്റിയര്‍  സര്‍വീസിന്റെ പരിശീലനം ലഭിക്കുന്നത്. പരിശീലനാര്‍ഥികള്‍ക്ക് മന്ത്രി ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു.

സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഐഡിയല്‍ റിലീഫ് വിംഗ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കണ്‍വീനര്‍ ടി.കെ.ശിഹാബുദ്ദീനെ മന്ത്രിയുടെ പേര് ആലേഖനം ചെയ്ത ട്രോഫി നല്‍കിയും പൊന്നാട അണിയിച്ചും ആദരിച്ചു.

പൊതുജനങ്ങളെ കൂടി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പരിശീലന പദ്ധതിയാണ് കമ്മ്യൂണിറ്റി റെസ്‌ക്യു വൊളന്റിയര്‍ പദ്ധതി. വിവിധ അപകടങ്ങള്‍ നേരിടേണ്ടതെങ്ങനെയാണെന്നുള്ള ബോധവത്കരണവും പരിശീലനവും നല്‍കുക വഴി സേവനസന്നദ്ധരായ ആളുകളുടെ കൂട്ടായ്മയാണ് പദ്ധതിയിലൂടെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ലക്ഷ്യമിടുന്നത്.

ചിറ്റൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ അങ്കണത്തില്‍ നടത്തിയ പരിപാടിയില്‍ റീജ്യനല്‍ ഫയര്‍ ഓഫീസര്‍ വി. സിദ്ധകുമാര്‍ അധ്യക്ഷനായി. ചിറ്റൂര്‍- തത്തമംഗലം നഗരസഭാ ചെയര്‍മാന്‍ കെ. മധു, ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കര്‍, ചിറ്റൂര്‍- തത്തമംഗലം നഗരസഭാ പ്രതിനിധികള്‍ സംസാരിച്ചു. തുടര്‍ന്ന് ദിയ, മുഹമ്മദ് സറീം എന്നിവര്‍ ‘ഇലക്ട്രിസിറ്റി’ വിഷയത്തില്‍ ബോധവത്കരണ ക്ലാസെടുത്തു.