കൊച്ചി: ആർ എം പി തോട് നവീകരണത്തിന് വിപുലമായ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വികസനത്തിന്റെ പ്രയോജനം സമൂഹത്തിലെ എല്ലാവർക്കും ലഭിക്കണം. മത്സ്യതൊഴിലാളികളെ തോട് നവീകരണത്തിന്റെ ആവശ്യം ബോധ്യപ്പെടുത്തി 2020 ജനുവരിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ബന്ദർ കനാൽ ആർഎസ്പി ചെമ്മീൻകെട്ട് മുതൽ വൈപ്പിൻ അഴിമുഖം വരെയുള്ള പത്തര കിലോമീറ്റർ നീളത്തിലുള്ള തോടിനെ 30 മീറ്റർ വീതിയിലാണ് പുനരുജ്ജീവിപ്പിക്കുന്നത്.

ആർഎംപി തോട് നവീകരണത്തിന്റെ മാസ്റ്റർ പ്ലാൻ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കി ഡിസംബർ മാസത്തിൽ സ്റ്റേറ്റ് ഹോൾഡേഴ്സ് മീറ്റ് സംഘടിപ്പിച്ച് ജനുവരി മാസത്തിൽ നിർമാണ പ്രവർത്തനം ആരംഭിക്കും. ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, ഇറിഗേഷൻ, റവന്യൂ വകുപ്പുകളും കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്മെൻറ് കോർപ്പറേഷൻ, ജില്ലാ ഭരണകൂടം, എളങ്കുന്നപ്പുഴ പഞ്ചായത്ത്, കൊച്ചിൻ പോർട്ട് ട്രസ്റ്റ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.

തോട് നവീകരിക്കുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സർവ്വേ നടത്താൻ പഞ്ചായത്തിന് നിർദ്ദേശം നൽകി. ആർ എം പി തോടിന്റെ പരിസ്ഥിതി പുനഃസ്ഥാപിക്കുന്നതോടൊപ്പം കനാലിന്റ അഴിമുഖത്തോടനുബന്ധിച്ച് ഫിഷ് ലാൻറിംഗ് സെന്റർ നിർമ്മാണവും പൂർത്തീകരിക്കും.

കൊച്ചി അഴിമുഖത്തുനിന്നുള്ള എക്കൽ അടിഞ്ഞുകയറുന്നതോടൊപ്പം കനാലുമായി ബന്ധപ്പെട്ട ഇടതോടുകളിൽ നിന്നുള്ള ചെളിയും മണ്ണും നിറഞ്ഞതോടെ ആര്‍.എം.പി തോട് വെള്ളക്കെട്ടുള്ള കൈത്തോടായി മാറി. പ്രദേശത്തെ ജൈവവൈവിധ്യവും മത്സ്യസമ്പത്തും ശോഷിച്ചു. കയ്യേറ്റത്തോടൊപ്പം മാലിന്യം തള്ളൽ അതിരൂക്ഷമായ ദുര്‍ഗന്ധത്തിനും വിവിധയിനം കീടങ്ങളുടെ ആവാസകേന്ദ്രമായി ആര്‍.എം.പി തോട് മാറി. നീരൊഴുക്ക നിലച്ചതോടെ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ പടിഞ്ഞാറന്‍ മേഖല അതിരൂക്ഷമായ വെള്ളക്കെട്ടിലാവുകയും കൊതുകുശല്യം വര്‍ദ്ധിക്കുകയും ചെയ്തു. ഇത് വിവിധതരം ഗുരുതരമായ ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. അഴിമുഖത്തിനോട് അനുബന്ധമായിക്കിടക്കുന്ന കനാലായതിനാൽ വിവിധയിനം മത്സ്യയിനങ്ങളുടെ പ്രധാന ആവാസകേന്ദ്രവുമായിരുന്നു. മത്സ്യപ്രജനനത്തിന് ഏറ്റവും അനുയോജ്യമായ സ്വാഭാവിക പ്രജനനകേന്ദ്രമായതിനാൽ മത്സ്യസമ്പത്തിൽ സ്ഥിരവും സ്ഥായിയായതുമായ വര്‍ദ്ധനവ് മുൻപ് ഉണ്ടായിരുന്നു.

യോഗത്തിൽ വൈപ്പിൻ എം എൽ എ എസ് ശർമ്മ, കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്മെൻറ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പി.ഐ. ഷെയ്ക് പരീത്, ചീഫ് എൻജിനീയർ ബി ടി വി കൃഷ്ണൻ, ഫിഷറീസ്, ഇറിഗേഷൻ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഇടപ്പള്ളി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം ആർ ആന്റണി , ഡോ. കെ. കെ ജോഷി , എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ഉണ്ണികൃഷ്ണൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ് , ഗോശ്രീ ഐലൻഡ് ഡെവലപ്മെൻറ് അതോറിറ്റി, പെട്രോനെറ്റ് എൽഎൻജി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

ഫോട്ടോ ക്യാപ്ഷൻ : ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയിൽ ചേർന്ന ആർ എം പി തോട് നവീകരണ യോഗം