പൊതുജനപങ്കാളിത്തത്തോടെ ആരോഗ്യകേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് മന്ത്രി
കളമശ്ശേരി: എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതിനൂതന സാങ്കേതിക വിദ്യകളോടെ സ്ഥാപിച്ച എം ആര്‍ ഐ സംവിധാനവും വിപുലീകരിച്ച ഡയാലിസിസ് യൂണിറ്റും ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു.
  സാധാരണ ജനങ്ങള്‍ക്ക് സൗജന്യമായും ചുരുങ്ങിയ ചിലവിലും നൂതന രോഗനിര്‍ണ്ണയം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.  സംസ്ഥാനത്ത് 67 ശതമാനം ആളുകള്‍ സ്വകാര്യമേഖലയില്‍ ചികിത്സ തേടുന്നുണ്ട്.  എന്നാല്‍ ഓരോ കുടുംബത്തിനും താങ്ങാനാവുന്നതിലുമധികം ചികിത്സാ ചിലവുണ്ടായാല്‍ ജീവിതനിലവാരം താഴും.
  അതൊഴിവാക്കാനും താഴെത്തട്ടിലുള്ളവരുടേതടക്കം ജീവിതനിലവാരം ഉയര്‍ത്താനുമാണ് സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിലുള്ള ചികിത്സാ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നത്.
ബഹുഭൂരിപക്ഷം രോഗങ്ങളുടെയും അടിസ്ഥാനം ജീവിതശൈലീ വ്യതിയാനമാണ്.  അവയെ പ്രതിരോധിക്കാനാണ് രോഗനിര്‍ണ്ണയ – ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നത്.  എന്നാലിത് ആരോഗ്യരംഗത്തെ പ്രവര്‍ത്തനത്തിന്റെ ഒന്നാം ഘട്ടം മാത്രമാണ്.
ഡയാലിസിസ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു.  ഭാവിയില്‍ ഡയാലിസിസ് രോഗികളുണ്ടാവാതിരിക്കണം.  അതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യവര്‍ഷം തന്നെ 44 താലൂക്ക് ആശുപത്രികളില്‍ 10 വീതം ഡയാലിസിസ് യൂണിറ്റുകള്‍ തുടങ്ങി.  ജില്ലാ ആശുപത്രികളിലും തുടങ്ങി.  നിലവില്‍ 93 ഡയാലിസിസ് സെന്ററുകള്‍ സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ചികിത്സയ്ക്ക് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും സാമൂഹികാരോഗ്യകേന്ദ്രങ്ങളെയും ആശ്രയിക്കുന്ന പ്രവണത കുറഞ്ഞുവരികയാണ്.  എല്ലാവരും സ്‌പെഷ്യാലിറ്റിയിലേക്കാണ് എത്താനാണ് ആദ്യമേ ശ്രമിക്കുന്നത്.  അത് അര്‍ഹിക്കുന്നവര്‍ക്ക് ചികിത്സ വൈകുന്നതിനും  ചികിതിസ തേടുന്നവരുടെ ധനനഷ്ടത്തിനുമിടയാക്കും.  ഇതു ചെറുക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരികയാണ്.  ആദ്യഘട്ടത്തില്‍ 169 കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി.
ഇപ്പോള്‍ സംസ്ഥാനത്ത് 230 കുടുംബാരോഗ്യകേന്ദ്രങ്ങള്‍  പ്രവര്‍ത്തിക്കുന്നുണ്ട്.  ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ തുടങ്ങിയ തസ്തികകള്‍ അധികമായി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.  5200 നിയമനമെന്നത് റെക്കോര്‍ഡാണ്.  ഇതില്‍ 200 നിയമനങ്ങള്‍ മെഡിക്കല്‍ കോളേജുകളിലാണ് നടത്തിയിട്ടുള്ളത്.  162 തസ്തികകള്‍ മെഡിക്കല്‍ കോളേജിനു മാത്രമായി സൃഷ്ടിക്കാന്‍ കഴിഞ്ഞതും അഭിമാനമാണ്.
സ്‌പോണ്‍സര്‍ഷിപ്പിലൂടെ ആരോഗ്യകേന്ദ്രങ്ങളുടെയും ആശുപത്രിയുടെയും  അടിസ്ഥാനസൗകര്യവികസനവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.  ആശുപത്രികളിലേക്ക് വിവിധ ഉപകരണങ്ങളുംമറ്റും നല്‍കാന്‍ സന്നദ്ധതയറിയിച്ച് പലരും സമീപിക്കാറുണ്ട്.  എന്നാല്‍ ബന്ധപ്പെട്ട വിദഗ്ധരുടെ സേവനം ലഭ്യമല്ലാത്ത ആരോഗ്യകേന്ദ്രങ്ങളില്‍ അത് പ്രാവര്‍ത്തികമല്ല.  ഈ സാഹചര്യത്തിലാണ് അടിസ്ഥാനസൗകര്യവികസനത്തിന് അവസരം നല്‍കാന്‍ ഉദ്ദേശിക്കുന്നത്.   പൊതുജനപങ്കാളിത്തത്തോടെ ആരോഗ്യകേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കും.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി ഇമേജിംഗ് സെന്റര്‍ ആരംഭിക്കാനായി 25 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഡിജിറ്റല്‍ റേഡിയോഗ്രാഫി & ഫ്ളൂറോസ്‌കോപ്പി, ഇലസ്റ്റോഗ്രാഫിയോടു കൂടിയ ഹൈ എന്‍ഡ് കളര്‍ ഡോപ്ലര്‍, ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റ്, എം.ആര്‍.ഐ. സ്‌കാന്‍, ബോണ്‍ ഡെസിറ്റോമീറ്റര്‍, പാക്സ്, എക്കോ കാര്‍ഡിയോഗ്രാഫി മെഷീന്‍ എന്നിവയുള്‍ക്കൊള്ളുന്നതാണ് ഇമേജിംഗ് സെന്റര്‍.
ഇതില്‍ 10 കോടി രൂപ മുതല്‍മുടക്കില്‍ ജര്‍മ്മന്‍ കമ്പനിയായ സീമെന്‍സിന്റെ 1.5 ടെസ്ല വൈഡ് ബോര്‍ മാഗ്നെറ്റോം ഏറ എന്ന എം.ആര്‍.ഐ. മെഷീന്റെ ഉദ്ഘാടനമാണ് മന്ത്രി നില്‍വ്വഹിച്ചത്.    സൗഹൃദാന്തരീക്ഷമുണ്ടാക്കുന്നതിന്റെ ഭാഗമായി എം.ആര്‍.ഐ. യൂണിറ്റില്‍ ഇന്റീരിയര്‍ ഡിസൈനിംഗോടു കൂടിയ ശീതികരിച്ച മുറിയാണ് ക്രമീകരിച്ചിരിക്കുന്നത്.
10 ഐ.സി.യു. സംവിധാനത്തോടു കൂടിയ ബെഡുകള്‍ കൂടി സജ്ജീകരിച്ചാണ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചിരിക്കുന്നത്. ആറ് ബെഡുകളാണുണ്ടായിരുന്നത്.  പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കിറ്റ്കോ എന്നിവയുടെ സഹകരണത്തോടെയാണ് ഡയാലിസ് യൂണിറ്റ് വിപുലീകരിച്ചിരിക്കുന്നത്. നിലവില്‍ പ്രതിദിനം 3 ഷിഫ്റ്റുകളിലായി 16 ഡയാലിസിസുകള്‍ ചെയ്തുവരികയായിരുന്നു.
വിപുലീകരിച്ച ഡയാലിസിസ് യൂണിറ്റിലൂടെ പ്രതിദിനം 40  ഡയാലിസിസുകള്‍ ചെയ്യാന്‍ കഴിയും.  പുതിയ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, കാരുണ്യ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യവും  ലഭ്യമാണ്. ഡയാലിസിസ് യൂണിറ്റിന് ആവശ്യമായ അധ്യാപക- അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു.
എറണാകുളം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വിപുലമായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മാതൃ ശിശു സംരക്ഷണ ബ്ലോക്ക്, സൂപ്പര്‍ സ്പെഷ്യലിറ്റി ബ്ലോക്ക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഓഡിറ്റോറിയം മുതലായവ നിര്‍മ്മിക്കുന്നതിന് കിഫ്ബി വഴി 368.74 കോടി അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളേജിന്റെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 70 കോടിയോളം രൂപയും മെഡിക്കല്‍ കോളേജിന്റെ കടബാധ്യതകള്‍ തീര്‍ക്കുന്നതിന് 83 കോടിയോളം രൂപയും അനുവദിച്ചിരുന്നു.
 ഡയാലിസിസ് സെന്റര്‍ നിര്‍മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കിയ പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ് ചീഫ് ജനറല്‍ മാനേജര്‍ എ.പി.ഗംഗാധരന്‍, ഗ്രേസ് മാത്യു,  നാല് ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതില്‍ പങ്കാളികളായ കിറ്റ്‌കോയുടെ പ്രതിനിധി ബെന്നി പോള്‍,  നിപ കാലത്ത് ഐസൊലേഷന്‍ വാര്‍ഡിലേക്ക് എയര്‍ കണ്ടീഷണറുകള്‍ നല്‍കിയ കെ.എസ്.എഫ്.ഇയുടെ  ജനറല്‍ മാനേജര്‍ എന്‍.എസ് ലിലി എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.
സംസ്ഥാനത്ത് നിപയുടെ രണ്ടാം വരവിനെ വിജയകരമായി പ്രതിരോധിച്ചതിന്റെ അനുഭവം പങ്കുവെയ്ക്കലും നടന്നു.  കളമശ്ശേരി നഗരസഭ അധ്യക്ഷ റുഖിയ കമാല്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ.കുട്ടപ്പന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വി.കെ.ശ്രീകല, അഡീഷണല്‍ ഡിഎംഒ ഡോ.എസ്.ശ്രീദേവി,  പവര്‍ഗ്രിഡ് ഇ.ഡി. എസ്.രവി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.മാത്യൂസ് നമ്പേലി, ഗവ.മെഡിക്കല്‍ കോളേജ് ആര്‍എംഒ ഡോ.ഗണേഷ് മോഹന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഗീത നായര്‍, ആര്‍ സി എച്ച് ഓഫീസര്‍ ഡോ.എന്‍.എ.ഷീജ, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ.സിസി തങ്കച്ചന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.പീറ്റര്‍ പി.വാഴയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.