കളമശ്ശേരി: നിപ രോഗത്തിന്റെ രണ്ടാം വരവിനെ ഫലപ്രദമായി നേരിട്ട് വിജയം കൈവരിച്ചതിന്റെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെയ്ക്കാനും ഗവ.മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയം വേദിയായി.  എംആര്‍ഐ  സ്‌കാനിങ് സെന്ററിന്റേയും നവീകരിച്ച ഡയാലിസിസ്  യൂണിറ്റിന്റേയും ഉദ്ഘാടന വേദിയില്‍ നിപ സ്മരണയും അരങ്ങേറി.
 പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും നടത്തിപ്പുകളുടെയും യോഗങ്ങളുടെയുമെല്ലാം വീഡിയോ ചിത്രീകരണം പ്രദര്‍ശിപ്പിച്ചു.  മെഡിക്കല്‍ കോളേജിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ ഒരു ചരിത്രരേഖയാക്കാനാണ് വീഡിയോ ചിത്രീകരിച്ചത്.
നിപ ഒരു പരീക്ഷണമായിരുന്നു.  ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മറ്റു ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങി മുന്‍കുതല്‍ നടപടികളുടെ ഭാഗമായി ഐസൊലേഷനില്‍ കഴിഞ്ഞവരും അതില്‍ സഹകരിച്ചവരുമടക്കം ഓരോരുത്തരും വിജയത്തിന്റെ ഭാഗമാണെന്ന്് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
നിപ എന്ന ‘കില്ലര്‍ വൈറസി’നെ തകര്‍ക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നു.  സ്വന്തമായി ഒരു പ്രവര്‍ത്തനരീതി രൂപപ്പെടുത്താനായതാണ് വഴിത്തിരിവായതെന്നും മന്ത്രി പറഞ്ഞു.  കോഴിക്കോടുണ്ടായ നിപ അനുഭവവും പാഠമായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും ഡല്‍ഹിയില്‍നിന്നുമുള്ള ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍,  നിപ സമയത്തെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള  തുടങ്ങി നിര്‍ണ്ണായക ഘട്ടത്തില്‍ ഒപ്പം നിന്ന ഓരോരുത്തരുടെയും പേര് മന്ത്രി എടുത്തു പറഞ്ഞു.
നിപ കാലത്ത് ഐസൊലേഷന്‍ വാര്‍ഡിലേക്ക് എയര്‍ കണ്ടീഷണറുകള്‍ നല്‍കിയ കെ.എസ്.എഫ്.ഇയുടെ  ജനറല്‍ മാനേജര്‍ എന്‍.എസ് ലിലിക്ക് മന്ത്രി ഉപഹാരം നല്‍കി.  ഓരോ പേരുകള്‍ പറയുമ്പോഴും കൈയ്യടികളോടെയാണ്  സദസ്സ് അവര്‍ക്ക് നന്ദിയും അനുമോദനവുമര്‍പ്പിച്ചത്
ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗിയുടെ കുടുംബാംഗങ്ങള്‍ക്കും രോഗവ്യാപനം തടയാന്‍ മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ആത്മവിശ്വാസം പകര്‍ന്ന് കൂട്ടത്തിലൊരാളായി നിന്നതിന് മന്ത്രിക്ക് ആരോഗ്യവകുപ്പ് ജീവനക്കാര്‍ ജില്ലയുടെ ഉപഹാരം നല്‍കി.