ഇ-പോസ്  മെഷീനുകൾ മുഖേന ഇതുവരെ ലഭിച്ചത് 37.02 ലക്ഷം രൂപ

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളിലും ഇ-പോസ് മെഷീനുകൾ (എ.ടി.എം. കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം)  സ്ഥാപിക്കാനുള്ള പദ്ധതി ആഗസ്റ്റ് 15 ഓടെ പൂർത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. നിലവിൽ 651 വില്ലേജുകളിൽ  ഇ-പോസ്  മെഷീനുകൾ മുഖേന ഇടപാടുകൾ തുടങ്ങി. ഈ സാമ്പത്തികവർഷത്തിൽ 37.02 ലക്ഷം രൂപ വിവിധ ശീർഷകങ്ങളിൽ ലഭിച്ചിട്ടുണ്ട്.

സർക്കാരിതര പണമിടപാടുകൾക്കായി എല്ലാ തഹസിൽദാർമാർക്കും സ്പെഷ്യൽ ട്രഷറി അക്കൗണ്ട് അനുവദിക്കുന്നതിനും ഓൺലൈനായി പണം കൈമാറുന്നതിനുമുള്ള പ്രപ്പോസൽ സർക്കാരിന്റെ പരിഗണനയിലാണ്. അനുമതി ലഭിയ്ക്കുന്ന മുറയ്ക്ക് അത് നടപ്പിലാക്കി ദിവസേനയുള്ള പണമിടപാട് അന്നുതന്നെ ഖജനാവിൽ എത്തിക്കുന്നതിനുള്ള നടപടിയാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

സർക്കാർ  വകുപ്പുകളിൽ ഡിജിറ്റൽ പെയ്മെന്റ് മോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി, റവന്യു വകുപ്പിൽ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ എല്ലാ വില്ലേജുകളിലേക്കും ആവശ്യമായ ഈ-പോസ് മെഷീനുകൾ ജില്ലാകളക്ടറേറ്റുകൾ വഴി എത്തിച്ചു.

ഇടുക്കിയൊഴികെയുള്ള ജില്ലകളിലെ വില്ലേജ് ജീവനക്കാർക്ക് ആവശ്യമായ പരിശീലനം ജില്ലാതലത്തിൽ നൽകിയിട്ടുണ്ട്. ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് നിലനിന്നിരുന്നതിനാലാണ് പരിശീലനം പൂർത്തിയാക്കാനാകാതിരുന്നത്. ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ കാര്യക്ഷമമായി അവശേഷിക്കുന്ന വില്ലേജുകളിൽക്കൂടി നടപ്പിലാക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

റവന്യൂ ഇ-പെയ്മെന്റ് പ്ലാറ്റ്ഫോമിൽ പോയിന്റ് ഓഫ് സെയിൽ (PoS) മെഷീനുകൾ കൂടെ ഉൾക്കൊള്ളിച്ച് ജനങ്ങൾ അടയ്ക്കുന്ന വിവിധ നികുതികളും ഫീസുകളും കറൻസി രഹിത ഇടപാടുകളിലൂടെ ഖജനാവിലേക്ക് നേരിട്ട് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഇത്തരത്തിൽ നികുതി സ്വീകരിക്കുന്ന ആദ്യ വകുപ്പായി റവന്യൂ വകുപ്പ് മാറിയിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുക എന്ന നയത്തിന്റെ ചുവട് പിടിച്ച് റവന്യൂ വകുപ്പിന്റെ സംസ്ഥാന ഐ.റ്റി സെൽ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പൊതുജനങ്ങൾക്കും സർക്കാരിനും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണിത്. പൊതുജനം അടയ്ക്കുന്ന പണം സർക്കാർ ഖജനാവിലേക്ക് നേരിട്ട് എത്തും എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ജീവനക്കാർ പണം അടവാക്കുന്നതിനായി ട്രഷറിയിലേയ്ക്ക് പോകേണ്ട സാഹചര്യം ഇല്ലാതാകും. നികുതിദായകർ തുക ഭൗതികമായി നൽകേണ്ടതില്ലാത്തതിനാൽ വിനിമയങ്ങളുടെ കൃത്യത വർധിയ്ക്കുകയും ചെയ്യും.

ഉദ്യോഗസ്ഥർ ക്യാഷ് രജിസ്റ്ററുകളൊന്നും പരിപാലിക്കേണ്ടതില്ല. ട്രാൻസാക്ഷൻ ഐ.ഡി. മുഖേന സ്വമേധയാ മെഷീനിൽ തുക എത്തുമെന്നതിനാൽ ഇടപാടുകൾ കൃത്യവും ന്യൂനതാരഹിതവുമാണ്. വില്ലേജിൽ എത്തുന്നവർക്ക് വളരെ വേഗത്തിൽ നീണ്ട ക്യൂവിൽ നിൽക്കാതെ തന്നെ പണമടയ്ക്കുവാൻ സാധിക്കും. നടത്തിയ ഇടപാടിന്റെ വിശദാംശങ്ങൾ അതത് ബാങ്കിംഗ് സേവനദാതാവിൽ നിന്ന് അവരുടെ മൊബൈലിൽ എസ്എംഎസ് ആയി ലഭിക്കും. ഭാവിയിലെ ആവശ്യങ്ങൾക്ക് ഇത് ഉപയോഗപ്രദമാകും.