ജനുവരി അഞ്ചിന് കൊല്ലത്ത് നടക്കുന്ന ആഗോള കേരളീയ മാധ്യമ സംഗമത്തിന്റെ വിളംബരമായി കാര്‍ട്ടൂണ്‍-ഫോട്ടോ പ്രദര്‍ശനം തുടങ്ങി. പ്രസ് ക്ലബ്ബ് മൈതാനിയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. ഓഖി ദുരിതബാധിതരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രഖ്യാപനവുമായി കൊല്ലം ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്റെ നേതൃത്വത്തില്‍ മെഴുകുതിരികള്‍ തെളിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തമുറപ്പാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ലോക കേരള സഭ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് മുന്നോടിയായി നടക്കുന്ന മലയാള മാധ്യമ പ്രവര്‍ത്തകരുടെ സംഗമത്തിന് വലിയ പ്രാധാന്യമാണുള്ളത്. ദുരന്തങ്ങള്‍ക്ക് നടുവിലും പുതിയ പ്രതീക്ഷകളോടെയാണ് കേരളം മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
മാനവികത എന്ന ആശയത്തെ പ്രചോദിപ്പിക്കുന്നതിന് ചിത്രങ്ങള്‍ക്കും കാര്‍ട്ടൂണുകള്‍ക്കും വലിയ പങ്ക് വഹിക്കാനാകുമെന്ന് കൊല്ലം ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ അഭിപ്രായപ്പെട്ടു. ഓഖി ദുരന്തത്തിന്റെ പ്രയാസകരമായ അനുഭവങ്ങളും വേദനയുമൊക്കെ പൊതുസമൂഹം ഏറ്റെടുക്കാന്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചിട്ടുണ്ടെന്ന് ബിഷപ്പ് പറഞ്ഞു.
മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷനായി. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളായ ജി. ബാല, സുധീര്‍ നാഥ്, നോര്‍ത്ത് അമേരിക്കന്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റ് മധു കൊട്ടാരക്കര, റീഡേഴ്‌സ് ഡൈജസ്റ്റ് മുന്‍ എഡിറ്റര്‍ മോഹന്‍ ശിവാനന്ദ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത്, മീഡിയ അക്കാഡമി സെക്രട്ടറി കെ.ജി. സന്തോഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.