* മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

ജനുവരി 17 മുതൽ 19 വരെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, ആരോഗ്യ സമിതി അധ്യക്ഷൻമാർ, സെക്രട്ടറിമാർ എന്നിവർക്ക് വേണ്ടി കിലയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക വെർച്ച്വൽ ശിൽപശാല സംഘടിപ്പിക്കും. ഓരോ പ്രദേശത്തിന്റേയും പ്രത്യേകതകൾ മനസിലാക്കി അനുയോജ്യമായ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ നടപ്പാക്കുന്നെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. 2018-19 ലെ പകർച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള ‘ആരോഗ്യ ജാഗ്രത’ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കാനായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ, തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം
വൻ പൊതുജന പങ്കാളിത്തത്തോടെ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ജില്ലാതല ഉദ്ഘാടനം നടത്തി ‘ആരോഗ്യ ജാഗ്രത’ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. മഴക്കാലപൂർവ പരിപാടികൾക്ക് പകരം ഒരു വർഷം നീളുന്ന സമഗ്രവും തീവ്രവുമായ കാര്യപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനവ്യാപകമായി ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഒരുമിച്ച് വീടുകൾ തോറും ബോധവത്ക്കരണം നൽകി ഉറവിട നശീകരണം ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കും.
ഹരിത കേരളം മിഷൻ ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ്, ശുചിത്വ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മിത്ര ടി., നഗരകാര്യ വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.