കാലവര്‍ഷം കനത്തതിനാലും മണിയാര്‍ ബാരേജിനു മുകള്‍ ഭാഗത്തുള്ള കാരിക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതോത്പാദനം കൂട്ടിയതിനാലും മണിയാര്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടു.

ഇതുമൂലം മണിയാര്‍ ബാരേജിലെ ഷട്ടറുകള്‍ നിയന്ത്രിതമായ രീതിയില്‍ തുറന്ന് അധികജലം കക്കാട്ടാറിലേക്ക് തുറന്നുവിടേണ്ട സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ മണിയാര്‍, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികള്‍ ഉള്‍പ്പെടെ പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

ജില്ലയിലെ എല്ലാ നദികളിലേയും നീരൊഴുക്ക് കൂടിയതിനാല്‍ പൊതുജനങ്ങള്‍ നദികളില്‍ ഇറങ്ങേണ്ട സാഹചര്യം പൂര്‍ണമായും ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.