കേരളത്തില്‍ അടുത്ത 24 മണിക്കൂറില്‍ വ്യാപകമായി ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉത്തരേന്ത്യയിലൂടെ ഗുജറാത്തിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദം ശക്തി കുറഞ്ഞു വരുന്നു. പത്തനംതിട്ട ജില്ലയില്‍ രാത്രിയോടെ മഴയുടെ ശക്തി കുറയാനുള്ള സാധ്യതയുണ്ട്.
കിഴക്കന്‍ മലയോര മേഖലകളില്‍ വൈകുന്നേരം മഴയ്ക്ക് സാധ്യതയുണ്ട്. ജില്ലയില്‍ ഇന്നും(9) നാളെയും(10) ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഭരണാകുടം പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്കി. ജില്ലയില്‍ 37 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടവും രണ്ട് വീടിനു പൂര്‍ണ നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. 204 പേര് നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നു.
മഴ കനത്തതോടെ ഡാമുകളിലെ ജല നിരപ്പ് ഉയരുന്നുണ്ട്. മണിയാര്‍ ഡാമിലെ സ്പില്‍ വേ ഷട്ടറുകള്‍ തുറന്ന് അധിക ജലം പുറത്തേക്കു ഒഴുക്കുന്നുണ്ട്. മൂഴിയാര്‍ ഡാമിലെ നിലവിലെ സംഭരണം പരമാവധി സംഭരണ ശേഷി എത്താറായിട്ടുണ്ട്. വെള്ളം തുറന്നു വിടാന്‍ സാധ്യത ഉള്ളതിനാല്‍ കക്കാട്, പമ്പ നദികളില്‍ ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കാം.
ഇതിനാല്‍ നദിതീര വാസികള്‍ ജാഗ്രത പാലിക്കണം. ആവശ്യമെങ്കില്‍ എത്രയും പെട്ടന്ന് അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ദുരന്തത്തെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പെടുത്തിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. ദുരന്ത നിവാരണ സേനയുടെ ഒരു ടീമും സൈന്യത്തിന്റെ മൂന്നു ടീമും ജില്ലയില്‍ ക്യാമ്പ് ചെയുന്നുണ്ട്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം.
റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഒരു കാരണവശാലും തോടുകളും പുഴയും മുറിച്ചു കടക്കരുത്.
പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുത്. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കണം. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം.
ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സഹായത്തിനായി പൊതുജനങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. കളക്ട്രേറ്റ് 0468 2322515/ 0468 2222515/ 8078808915, താലൂക്ക് ഓഫീസ് തിരുവല്ല 0469 2601303, കോഴഞ്ചേരി 04682222221, മല്ലപ്പളളി 0469 2682293, അടൂര്‍ 04734 224826, റാന്നി 04735 227442, കോന്നി 0468 2240087.