ഞായറാഴ്ച വരെയുള്ള ആറന്മുള വള്ളസദ്യ വഴിപാടുകള്‍ മാറ്റി വച്ചതായി പള്ളിയോട സേവാ സംഘം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ കൃഷ്ണവേണിയും സെക്രട്ടറി പി ആര്‍ രാധാകൃഷ്ണനും അറിയിച്ചു. നാല് പള്ളിയോടങ്ങള്‍ക്ക് വെള്ളിയാഴ്ച നടത്താനിരുന്ന വഴിപാടുകള്‍ നേരത്തെ മാറ്റി വച്ചിരുന്നു. ശനി 12 വള്ളസദ്യയും ഞായര്‍ 14 വള്ളസദ്യയും നടത്താണ് നിശ്ചയിച്ചിരുന്നത്.
പള്ളിയോടങ്ങള്‍ക്ക് വഴിപാടായാണ് വള്ളസദ്യകള്‍ നടത്തുന്നത്. വഴിപാടുകള്‍ക്കായി പള്ളിയോടങ്ങള്‍ക്ക് ആറന്മുളയില്‍ എത്താന്‍ കഴിയാത്ത തരത്തില്‍ പമ്പയില്‍ ശക്തമായ ഒഴുക്കാണുള്ളത്. ജില്ലാ ഭരണകൂടം വെള്ളി മുതല്‍ പള്ളിയോടങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
മണിയാര്‍ ഡാം തുറന്നതും മൂഴിയാര്‍ ഡാം തുറക്കാനുള്ള സാധ്യതയും ദുരന്തനിവാരണ വിഭാഗത്തിന്റെ അറിയിപ്പും കണക്കിലെടുത്താണ് വഴിപാടുകള്‍ മാറ്റി വയ്ക്കാന്‍ പള്ളിയോട സേവാസംഘം തീരുമാനിച്ചത്. മാറ്റി വച്ച വള്ളസദ്യകള്‍ നടത്താനുള്ള തീയതി കരക്കാരും വഴിപാടുകാരും പള്ളിയോട സേവാസംഘവും ചേര്‍ന്ന് തീരുമാനിക്കും. ഞായറാഴ്ച 2.30 ന് നടക്കുന്ന പള്ളിയോടസേവാസംഘം പൊതുയോഗവും വിഷയം ചര്‍ച്ച ചെയ്യും.