വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തിരുവല്ല താലൂക്കിലെ നിലവിലുള്ള സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ഏതു സാഹചര്യവും നേരിടാനുള്ള മുന്‍കരുതലെടുത്തിട്ടുണ്ടെന്നും മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു.

വെള്ളപ്പൊക്ക സ്ഥിതിയും തുടര്‍നടപടികളും വിലയിരുത്തുന്നതിന് തിരുവല്ല പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായായിരുന്നു എം എല്‍ എ. ആന്റോ ആന്റണി എംപി, വീണാ ജോര്‍ജ് എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

തിരുവല്ല താലൂക്കില്‍ ക്യാമ്പുകളുടെ ചുമതല നല്‍കി ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇന്ധനവും വെള്ളവും ഭക്ഷണവും ഉറപ്പുവരുത്തിയിട്ടുണ്ട്. തദ്ദേശ ജനപ്രധിനിധികളുമായി സഹകരിച്ച് ക്യാമ്പുകളില്‍ കഴിയുന്ന എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കുന്നുണ്ട്. തകര്‍ന്ന വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കെഎസ്ഇബി യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കൂടാതെ മെഡിക്കല്‍ ടീം ക്യാമ്പുകള്‍ സന്ദര്‍ശിച്ചു വരുന്നു. തോട്ടപ്പുഴശേരി, കവിയൂര്‍, കുറ്റപുഴ, കോയിപ്രം, ഇരവിപേരൂര്‍, നെടുമ്പ്രം, കുറ്റൂര്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്ര സേന സജ്ജമാണ്.

പമ്പാ നദിയിലും മണിമലയാറ്റിലും ജല നിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ പ്രദേശത്തെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്നും എം എല്‍ എ പറഞ്ഞു. തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, തഹസീല്‍ദാര്‍ ശ്രീകുമാര്‍, തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.