പ്രളയസാധ്യത കണക്കിലെടുത്ത് ജനപ്രതിനിധികള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ കാര്യക്ഷമമായ ഏകോപനത്തോടെ ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടാന്‍ ക്രമീകരണങ്ങള്‍ പൂര്‍ണ സജ്ജമാക്കിയതായി വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളപ്പൊക്ക സ്ഥിതി വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ നിശ്ചയിക്കുന്നതിനും ചേര്‍ന്ന കോഴഞ്ചേരി താലൂക്ക്തല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.
ക്യാമ്പുകളില്‍ കഴിയുന്നവരുടെ ആരോഗ്യം, ശുചിത്വം, ഭക്ഷണം എന്നിവയെല്ലാം ഉറപ്പു വരുത്തുമെന്ന് എംഎല്‍എ പറഞ്ഞു. പ്രളയബാധിത മേഖലകളില്‍ എലിപ്പനി വരാനുള്ള സാധ്യത പരിഗണിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെയും പ്രതിരോധ മരുന്നിന്റെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് തുറന്നു. മൃഗങ്ങള്‍, കൃഷി എന്നിവയ്ക്കു നാശം സംഭവിച്ചാല്‍ ധനസഹായം നല്‍കുന്നതിന്റെ ഭാഗമായി കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ ഇവയുടെ വിവരശേഖരണം മുന്‍കൂട്ടി നടത്തണം. മൃഗങ്ങള്‍ക്ക് അപകടം സംഭവിച്ചാല്‍ ധനസഹായം ലഭിക്കണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം നിര്‍ബന്ധമാണ്. ഇത്തരം വിവരങ്ങള്‍ പൊതുജനങ്ങള്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ മുഖേന അറിയിക്കണം. ഭക്ഷ്യക്ഷാമം നേരിടാന്‍ 143 റേഷന്‍ കടകളില്‍ 45 ദിവസത്തെ ഭക്ഷ്യധാന്യങ്ങളുടെ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്.
ക്യാമ്പുകളില്‍ പോലീസിന്റെ സേവനം ഉറപ്പുവരുത്തും. ക്യാമ്പുകളിലേക്ക് ആവശ്യമായ കുടിവെള്ളം ജലഅതോറിറ്റി നല്‍കുകയും തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇവ ക്യാമ്പുകളില്‍ എത്തിക്കുകയും ചെയ്യണം. ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് ആറന്മുള സത്രത്തില്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യു എന്നിവയുടെ ഏകോപനത്തിലൂടെ ആരംഭിച്ചിട്ടുള്ള എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ സൂക്ഷിച്ചിട്ടുള്ള ബോട്ട്, ഫൈബര്‍ ബോട്ട്, അസ്‌കാ ലൈറ്റ് എന്നിവ പ്രളയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
ലൈന്‍പൊട്ടി വീഴുകയോ, മറ്റ് അപകടങ്ങളോ ഉണ്ടായാല്‍ അടിയന്തിര സുരക്ഷയ്ക്കായി 9496010101 എന്ന നമ്പരില്‍ വിളിക്കുകയോ വാട്‌സാപ്പ് മെസേജ് നല്‍കുകയോ ചെയ്യണം. പൊതുപരാതികള്‍ക്കായി 9496001912 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്. കൂടാതെ 1912 എന്ന ടോള്‍ഫ്രീ നമ്പരിലും വിവരങ്ങള്‍ അറിയിക്കാവുന്നതാണ്. ആറന്മുള കോഴിപ്പാലം എംടിഎല്‍പി സ്‌കൂളിലെ ക്യാമ്പില്‍ ആളുകളുടെ എണ്ണം കൂടുന്നതനസരിച്ച് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തൊട്ടടുത്തുള്ള എന്‍എംഎല്‍പി സ്‌കൂളിലേക്ക് ആളുകളെ മാറ്റുന്നതിനും തീരുമാനിച്ചു.
ഡെപ്യുട്ടി കളക്ടര്‍ എല്‍ആര്‍ എസ്. ശിവപ്രസാദ്, കോഴഞ്ചേരി തഹസീല്‍ദാര്‍ ബി. ജ്യോതി, ഡെപ്യുട്ടി തഹസീല്‍ദാര്‍മാരായ സി. ഗംഗാധരന്‍ തമ്പി, കെ. ജയദീപ്, ബി. ബാബുലാല്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.