പത്തനംതിട്ട ജില്ലയില്‍ കനത്തമഴയെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനായി ആരോഗ്യവകുപ്പ് എല്ലാ സജ്ജീകരണങ്ങളും സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും സന്ദര്‍ശനം നടത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്.

മഴയെ തുടര്‍ന്ന് എലിപ്പനി, ജലജന്യരോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നു പിടിക്കാതിരിക്കുന്നതിനായി ഡോക്‌സിസൈക്ലിന്‍, ആവശ്യമായ മരുന്നുകള്‍, ബ്ലിച്ചിംഗ് പൗഡര്‍ തുടങ്ങിയവ സ്റ്റോക്ക് ചെയ്യുകയും ആശുപത്രികളില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് സി.ജി. ശശിധരന്‍, മറ്റ് പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രശ്‌നബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രക്ഷാപ്രവര്‍ത്തകരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന മറ്റെല്ലാവരും എലിപ്പനിയെ പ്രതിരോധിക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ഡോക്‌സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കണം. ഇത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ക്യാമ്പുകളിലും ലഭ്യമാക്കിയിട്ടുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിവെള്ളമായി ഉപയോഗിക്കാവു.

പനിയോ, മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. ക്യാമ്പുകളില്‍ പനി ബാധിതരുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമെങ്കില്‍ അവരെ ആശുപത്രിയിലേക്ക് മാറ്റണം.
വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ അവയുടെ ആഴം അറിയാതെ ഇറങ്ങരുത്.

വീണു കിടക്കുന്ന വൈദ്യുത പോസ്റ്റുകളിലും കമ്പികളിലും വൈദ്യുതി വിച്ഛേദിച്ചു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ അവ മാറ്റാന്‍ ശ്രമിക്കാവു. ശരീരത്തില്‍ മുറിവേറ്റിട്ടുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ മരുന്നു വയ്ക്കുകയും നിര്‍ദേശിക്കുന്ന ചികിത്സ സ്വീകരിക്കുകയും വേണം. ആരോഗ്യവകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍: 04682-228220, 04682-222642.