കാസർഗോഡ്: കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ ജില്ല ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍   ചേര്‍ന്ന കാലവര്‍ഷ കെടുതി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം കാരണമുള്ള പ്രകൃതിദുരന്തം തികച്ചും അപ്രതീക്ഷിതമാണ്.ദുരന്തം വന്നാല്‍ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനമാണ് ഏറ്റവും പ്രധാന്യത്തോടെ നടക്കുന്നത്. 2018ല്‍ 31000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

ഈ വര്‍ഷം അതേ ഭീകരതയോടെയുള്ള വെള്ളപ്പൊക്കമാണുണ്ടായത്. ക്യാമ്പില്‍ വരാന്‍ മടിച്ച് നില്‍ക്കുന്ന ധാരാളം ആളുകളുണ്ട്. ക്യാമ്പില്‍ വരാത്തതിന്റെ പേരില്‍ അര്‍ഹരായ ദുരിതബാധിതര്‍ക്ക് ആനുകൂല്യം നിഷേധിക്കില്ല. ഇക്കാര്യം റവന്യു ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പില്‍ കഴിയുന്ന ഒരാളുടേയും വയറു വിശക്കാന്‍ പാടില്ല. നാട്ടുകാരെല്ലാം സൗജന്യ സേവനം നടത്തുന്നുണ്ട്.

സന്നദ്ധ സേവകര്‍ പഴയ വസ്ത്രങ്ങള്‍ ക്യാമ്പില്‍ കൊടുക്കരുത്. ക്യാമ്പില്‍ പായ ആവശ്യത്തിന് കൊടുക്കണമെന്നും  സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും ദുരിതബാധിതരാണെങ്കില്‍  സഹായം എത്തിക്കണം. ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.ക്യാമ്പില്‍ ഓണ്‍ കോളില്‍ ഡോക്ടര്‍മാര്‍ എത്തും. പകര്‍ച്ചവ്യാധികളുള്ളവരെ ആശുപത്രികളിലേക്ക് മാറ്റണം.

സര്‍ക്കാര്‍ – സ്വകാര്യാശൂപത്രി ഡോക്ടര്‍മാര്‍ സഹായിക്കും. ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാര്‍ സജീവമായി രംഗത്തുണ്ട്. വയനാടും മലപ്പുറത്തും രൂക്ഷമായ സാഹചര്യമാണ്. ഈ ദുരന്തത്തെ നമ്മള്‍ക്ക് അതിജീവിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു

വൈദ്യുതി വകുപ്പ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വൈദ്യുതി തടസ്സം നീക്കും.അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റും: ഒറ്റക്കെട്ടായി പ രസ്പരം പഴിചാരാതെ പ്രവര്‍ത്തിച്ചാല്‍ ഈ ദുരന്തം അതിജീവിക്കാനാകും. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

കളക്ഷന്‍ സെന്ററിലേക്ക് 80 ഷീറ്റുകള്‍ റെഡ് ക്രോസ് പ്രതിനിധികള്‍ നല്‍കി. മന്ത്രി കെ കെ ശൈലജ ഏറ്റുവാങ്ങി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ,കെ   കുഞ്ഞിരാമന്‍,എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍,ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് ,സബ് കളക്ടര്‍ അരുണ്‍  കെ   വിജയന്‍, നഗരസഭാ ചെയര്‍മാന്‍മാരായ വി വി രമേശന്‍,പ്രെഫ. കെ പി ജയരാജന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.