മഴ കുറഞ്ഞതുകൊണ്ട് ജാഗ്രത കുറയാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നുരണ്ടു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുകൊണ്ട് രണ്ടുദിവസം കൂടി നല്ല ജാഗ്രത പുലർത്തണം. ദുരന്തനിവാരണ അതോറിറ്റിയുടെയും കാലാവസ്ഥാ കേന്ദ്രത്തിന്റെയും മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണം.
കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഇത് പ്രധാനമായും ദുരന്തമായി മാറിയിട്ടുള്ളത്. കനത്ത മഴയിലൂടെ വെള്ളം കയറിയുള്ള ദുരന്തത്തേക്കാൾ മഴയേൽപ്പിച്ച ആഘാതം ഉരുൾപൊട്ടലായി മാറിയെന്നതാണ് പൊതുവിൽ കാണാനാവുന്നത്. ഉരുൾപൊട്ടൽമൂലമാണ് മരണസംഖ്യ വർധിച്ചത്.
ഈ ദുരന്തം പൊതുവെ നഗരപ്രദേശങ്ങളെയല്ല ബാധിച്ചിട്ടുള്ളത്. മറിച്ച് കുന്നുകളെയും അതുമായി ചേർന്നുനിൽക്കുന്ന താഴ്‌വാരങ്ങളെയുമാണ്. നഗരപ്രദേശങ്ങളിലും മറ്റും വെള്ളം കയറിവന്നാൽ കുറച്ച് സമയമെങ്കിലും ജനങ്ങൾക്ക് മാറുന്നതിന് ലഭിക്കും. അവിടെ എത്തിപ്പെട്ട് രക്ഷാപ്രവർത്തകർക്ക് ഇടപെടാനും സാധിക്കും. വെള്ളം ഉയർന്നാലും ഉയർന്ന സ്ഥലങ്ങളിൽ കയറി രക്ഷ പ്രാപിക്കാനുമുള്ള സാധ്യതകളും അതിലുണ്ട്. മലയോര മേഖലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട് എന്നതുകൊണ്ട് അവിടെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. എന്നാൽ മലയിടിച്ചിൽ പെട്ടെന്ന് ഉണ്ടാകുന്നതാണ്. അപ്പോൾ അതിൽ നിന്ന് തെന്നിമാറുക ഏറെ പ്രയാസകരവുമാണ്. അതുകൊണ്ടാണ് അത്തരം അപകടമേഖലകളിൽ മുന്നറിയിപ്പ് കിട്ടിയാലുടൻ മാറാൻ ജനങ്ങൾ തയാറാവണം എന്ന് ആവർത്തിക്കുന്നത്. ഉദാഹരണമായി മലപ്പുറം നിലമ്പൂരിലെ അംബിട്ടാംപുട്ടിയിൽ ഉരുൾപൊട്ടൽ ഉണ്ടായി. നൂറോളം വീടുകളാണ് ഒലിച്ചുപോയത്. എന്നാൽ, ആൾക്കാരെ ഒഴിപ്പിച്ചതിനാൽ അപകടമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, പ്രാദേശിക വളണ്ടിയർമാർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, ഫയർഫോഴ്‌സ് സംവിധാനങ്ങൾ എന്നിവർ ചേർന്നാണ് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. സമയബന്ധിതമായും ഏകോപിതമായും നടത്തിയ ഈ പ്രവർത്തനം കൊണ്ടാണ് ജലനിരപ്പ് ഉയർന്നതുമൂലമുള്ള അപായം പരമാവധി ഇല്ലാതാക്കാൻ കഴിഞ്ഞത്.
വടക്കൻ ജില്ലകളിൽ 22 പിഡബ്ല്യുഡി റോഡുകൾ വെള്ളം കയറിയും മണ്ണിടിഞ്ഞും തടസ്സപ്പെട്ടിട്ടുണ്ട്. 21.6 ലക്ഷം വൈദ്യുതി കണക്ഷനുകളാണ് തകരാറിലായിട്ടുള്ളത്. 12 സബ്‌സ്റ്റേഷനുകളും പ്രവർത്തനരഹിതമായി.
തമിഴ്‌നാടിന്റെ ഷോളയാർ ഡാം കനത്ത മഴമൂലം വെള്ളം നിറഞ്ഞിരിക്കുകയാണ്. അത് തുറന്നുവിടുമെന്നുള്ള മുന്നറിയിപ്പ് തമിഴ്‌നാട്ടിൽനിന്നും വന്നിട്ടുണ്ട്. അങ്ങനെ വന്നാൽ ആ വെള്ളം പറമ്പിക്കുളത്തേക്കും തുടർന്ന് കേരളത്തിലെ പെരിങ്ങൽകുത്തിലേക്കും വരും. അങ്ങനെ വന്നാൽ ചാലക്കുടി പുഴയിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത വേണം.
രക്ഷാപ്രവർത്തനത്തിലും ക്യാമ്പുകൾ സജ്ജമാക്കുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകൈ അഭിനന്ദനീയമാണ്. പഞ്ചായത്ത്/നഗരസഭാ അംഗങ്ങളും അധ്യക്ഷൻമാരും  ജീവനക്കാരും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നത് കൊണ്ടാണ് മിക്ക സ്ഥലങ്ങളിലും ജനങ്ങളുടെ പ്രയാസം പരമാവധി കുറയ്ക്കാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.