ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി വ്യാപക നാശനഷ്ടമാണുണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന്   ലയങ്ങളില്‍  വെള്ളം കയറിയതോടെ ടാറ്റാ കമ്പനിയുടെ സഹകരണത്തോടെ  മൂന്നാര്‍ സിഎസ്ഐ പള്ളിയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടുകയായിരുന്നു ഒരു കൂട്ടം തോട്ടം തൊഴിലാളികള്‍.

13 കുടുംബങ്ങളില്‍ നിന്ന് 15 പുരുഷന്‍മാരും 19 സ്ത്രീകളും 9 കുട്ടികളുമടക്കം 43 പേരാണ് മൂന്നാറിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഉള്ളത്. ഇവരില്‍ ഭൂരിഭാഗവും ടാറ്റാ കമ്പനിയിലെ തോട്ടം തൊഴിലാളികളാണ്. മഴ കുറഞ്ഞ സാഹചര്യത്തില്‍ ലയങ്ങളിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. എന്നാല്‍ മഴ വീണ്ടുമെത്തിയാല്‍ ലയങ്ങളില്‍ വെള്ളം കയറുമോയെന്ന ഭയവും ഇവര്‍ക്കുണ്ട്.

ദേവികുളം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും ഇവിടെ നടക്കുന്നുണ്ട്. എലിപ്പനി പ്രതിരോധ മരുന്നും, ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മരുന്നും നല്‍കുന്നുണ്ട്. കൂടാതെ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാണ്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനു വേണ്ടി  കളിയും ചിരിയും കഥകളുമായി ആരോഗ്യവകുപ്പിന്റെ ജില്ലാ മാനസികാരോഗ്യ ടീം (ഡി.എം.എച്.പി) ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവര്‍ക്കാവിശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ക്യാമ്പില്‍ സജീവമാണ്.
ദേവികുളം താലൂക്കില്‍  രണ്ട്  ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നാര്‍ സിഎസ്ഐ പള്ളിയില്‍ 13 കുടുംബങ്ങളില്‍ നിന്ന് 43 പേരും, കെഡിഎച്ച് വില്ലേജില്‍ ദേവികുളം വി.എച്ച്.എസ്.ഇയില്‍ 18 കുടുംബങ്ങളില്‍ നിന്ന് 46 പേരുമുണ്ട്. മഴമാറി കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യമാണെങ്കില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഇവര്‍ ക്യാമ്പില്‍ നിന്ന് ലയങ്ങളിലേക്ക് മാറുമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്.രമേഷ് പറഞ്ഞു.