ദുരിതാബാധിതരെ സഹായിക്കാന്‍ ജില്ലാ ഭരണകൂടത്തിനുവേണ്ടി എന്‍.എസ്.എസ് വൊളണ്ടിയര്‍മാരും എന്‍ സി സി,എസ് പി സി  കേഡറ്റുകളും  മുന്നിട്ടിറങ്ങണമെന്ന ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ വീഡിയോ സന്ദേശത്തിന് മികച്ച പ്രതികരണം.
കളക്ടറുടെ സന്ദേശം വാട്‌സ്ആപ്പ്  ഗ്രൂപ്പ് വഴിയും  ഫെയ്‌സ്ബുക്ക് പേജ് വഴി പ്രചരിച്ചതുമുതല്‍ നിരവധി വിദ്യാര്‍ത്ഥികളും എന്‍.എസ്.എസ് വൊളണ്ടിയര്‍മാരും എന്‍ സി സി,എസ് പി സി  കേഡററ്റുകളുമാണ് സഹായ ഹസ്തവുമായി ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കളക്ഷന്‍ കേന്ദ്രത്തില്‍   എത്തിക്കൊണ്ടിരിക്കുന്നത്.
 കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ എന്‍.എസ്.എസ് വൊളണ്ടിയര്‍മാരാണ്  മുന്‍കൈയെടുത്ത് ഉത്പ്പന്ന ശേഖരണം നടത്തി ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസിലെ കളക്ഷന്‍ സെന്ററിലേക്ക് ആദ്യം  എത്തിച്ചത് .വൊളണ്ടിയമാര്‍ അവരുടെ  വീടുകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ സമീപ പ്രദേശങ്ങളില്‍ നിന്നോ ആണ് സാധനങ്ങള്‍ ശേഖരിച്ചത്.
ക്ലീനിങ് സാമഗ്രികള്‍,വസ്ത്രം,ചെരിപ്പ്, ഭക്ഷണ പദാര്‍ത്ഥങ്ങള്‍,നാപ്കിന്‍സ് എന്നിവയാണ് ഇവര്‍ നല്കിയത്. എന്‍.എസ്.എസ് വൊളണ്ടിയര്‍മാരായ എം അനൂപ്, എം ഹരികൃഷ്ണന്‍,സി എ ആന്‍സി,മനീഷ കെ  മനു , കെ മഞ്ജിമ ,കെ ശില്പ,വി സുജിത്ത് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ക്യാമ്പുകളിലെ ശുചീകരണത്തിലും ഇവര്‍ പങ്കാളികളായി.