കഴിവും അഭിരുചിയും മനസ്സിലാക്കി മികച്ച പരിശീലനത്തിലൂടെ തൊഴില്‍ നൈപുണി വര്‍ധിപ്പിക്കാന്‍ യുവാക്കള്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍ പ്രയോജനപ്പെടുത്തണമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. മലപ്പുറം എംപ്ലോയബിലിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും വലിയൊരു വിഭാഗം യുവാക്കള്‍ക്ക് പ്രായോഗിക പരിശീലനമില്ലാത്തതിനാല്‍ പല തൊഴില്‍ മേഖലകളിലും എത്താന്‍ കഴിയുന്നില്ല. മികച്ച പരിശീലനത്തിലൂടെ തൊഴില്‍ അന്വേഷകരുടെ ആത്മവിശ്വാസം വളര്‍ത്താന്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍ സഹായകമാകും. സ്വകാര്യമേഖലകളിലെ തൊഴില്‍ സാധ്യതകളെ കൂടി പരിഗണിച്ചാണ് നൈപുണി പരിശീലനം നല്‍കുന്നത്. എംപ്ലോയബിലിറ്റി സെന്ററിന്റെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഐ.ടി.ഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും. ഐ.ടി.ഐകളിലെ ട്രേഡുകള്‍ തൊഴില്‍ സാധ്യതക്കനുസരിച്ച് നവീകരിക്കും. ഐ.ടി.ഐകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് രാജ്യത്തിനകത്തും പുറത്തും തൊഴില്‍ നേടാന്‍ ഇത് പ്രയോജനപ്പെടും. സംസ്ഥാനത്തെ 12 ഐടിഐകളില്‍ ഇത് ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, നഗരസഭാ ചെയര്‍പെഴ്‌സണ്‍ സി.എച്ച് ജമീല, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, ജില്ലാ കളക്ടര്‍ അമിത് മീണ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, സലിം കുരുവമ്പലം, എംപ്ലോയ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ ജോര്‍ജ് ഫ്രാന്‍സിസ്, മേഖലാ എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ മോഹന്‍ ലൂക്കോസ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ കെ. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
