കൊച്ചി: ചാലക്കുടിപ്പുഴയ്ക്കും പെരിയാറിനും കൈവഴികള്‍ക്കും കുറുകെ ഉപ്പുവെള്ളം തടയാനുള്ള ബണ്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാവുന്നു. കുന്നുകരയില്‍ ചെറിയതേക്കാനം, കോരന്‍കടവ്, പുത്തന്‍വേലിക്കരയില്‍ കണക്കന്‍കടവ് എന്നിവിടങ്ങളിലെ ബണ്ട് നിര്‍മാണം ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള സന്ദര്‍ശിച്ച് വിലയിരുത്തി. ജലസേചനത്തിനും കുടിവെള്ളത്തിനും പെരിയാറിനെയും ചാലക്കുടിപ്പുഴയെയും ആശ്രയിക്കുന്നവര്‍ക്ക് ഉപകാരപ്രദമാവും ഈ ബണ്ടുകളുടെ നിര്‍മാണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
 മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണക്കന്‍ കടവിലെ മണല്‍ബണ്ട് നിര്‍മാണം പൂര്‍ത്തിയായി. ബണ്ടിന്റെ ഉയരം കൂട്ടലാണ് ഇപ്പോള്‍ നടക്കുന്നത്. ഡ്രെഡ്ജര്‍ ഉപയോഗിച്ച് പുഴയില്‍ നിന്ന് മണല്‍ വാരിയെടുത്താണ് മണല്‍ബണ്ട് നിര്‍മിച്ചത്.  പുത്തന്‍വേലിക്കര പഞ്ചായത്തിനു പുറമെ  തൃശൂര്‍ ജില്ലയിലെ പഞ്ചായത്തുകളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 25 ലക്ഷം രൂപയാണ് കണക്കന്‍കടവ് ബണ്ടിന് ചെലവായത്.
കുന്നുകരയില്‍ ചെറിയതേക്കാനം താത്കാലികബണ്ടിന്റെ നിര്‍മാണം ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായി.. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള ഈ ബണ്ട് നിര്‍മാണത്തിന് ഏഴര ലക്ഷം രൂപയാണ് ചെലവ്. കോരന്‍കടവില്‍ ബണ്ട് നിര്‍മാണം മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. പെരിയാറിന് കുറുകെ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ഈ ബണ്ടുകള്‍ കുന്നുകര, കരുമാലൂര്‍ പഞ്ചായത്തു നിവാസികള്‍ക്ക് പുറമെ പെരിയാറിനെ കുടിവെള്ളത്തിനും കൃഷിക്കുമായി ആശ്രയിക്കുന്നവര്‍ക്കും ഗുണപ്രദമാവും. കോരന്‍കടവിലെ ബണ്ട് നിര്‍മാണത്തിന് പത്തുലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഈ ബണ്ടുകള്‍ക്കു പുറമെ കഴിഞ്ഞവര്‍ഷം കമ്മീഷന്‍ ചെയ്ത പുറപ്പിള്ളിക്കാവ് റെഗുലേറ്ററും ഉപ്പുവെളളം പെരിയാറിലേക്ക് കയറുന്നത് തടയും.
കഴിഞ്ഞവര്‍ഷം ജനുവരി അവസാനവാരത്തിലാണ് ബണ്ടുകള്‍ നിര്‍മിച്ചത്.  ഉപ്പുവെള്ളം കയറിയത് കഴിഞ്ഞവര്‍ഷം കുടിവെള്ള- കൃഷി മേഖലകളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ അനുഭവം മുന്‍നിര്‍ത്തി ജില്ലാ കളക്ടര്‍ ഇടപെട്ട് ഈ വര്‍ഷം നേരത്തെ തന്നെ ബണ്ട് നിര്‍മാണം തുടങ്ങുകയായിരുന്നു. പുത്തന്‍വേലിക്കരയിലെ ചെട്ടിക്കാട്, ആലങ്ങാട് പഞ്ചായത്തിലെ മാങ്കുഴിത്തോട്, പോച്ചേരിക്കല്‍ കടവ് എന്നിവിടങ്ങളിലും ഉപ്പുവെള്ളം കയറാതിരിക്കാന്‍ ബണ്ടുകള്‍ ഡിസംബറില്‍ നിര്‍മിച്ചിരുന്നു.
ദുരന്തനിവാരണവിഭാഗം ഡെപ്യുട്ടികളക്ടര്‍ ഷീലാദേവി, കുന്നുകര പഞ്ചായത്തു പ്രസിഡണ്ട് ഫ്രാന്‍സിസ് തറയില്‍, പുത്തന്‍വേലിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി വി ലാജു, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികള്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പിലെ പി.എം വില്‍സണ്‍, മേജര്‍ ഇറിഗേഷന്‍ ഉദേ്യാഗസ്ഥരായ ഇക്ബാല്‍ സെയ്തു മുഹമ്മദ് തുടങ്ങിയവര്‍ ജില്ലാ കളക്ടറോടൊപ്പമുണ്ടായിരുന്നു.