കൊച്ചി: എറണാകുളം നഗരത്തില്‍ ഓട്ടോറിക്ഷകളെക്കുറിച്ചുളള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുളളയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുമായി ജനുവരി നാലിന് വൈകിട്ട് ഏഴു മുതല്‍ 11.30 വരെ നടത്തിയ മിന്നല്‍ പരിശോധനയില്‍ 27 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത 17-ഉം പെര്‍മിറ്റ് ഇല്ലാത്ത രണ്ടും നികുതി അടക്കാത്ത എട്ടും വാഹനങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിക്കാത്തതിനു നാല് ഓട്ടോറിക്ഷകള്‍ക്കെതിരെയും ഇന്‍ഷ്വറന്‍സില്ലാതെ ഓടിയതിന് നാലും, മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒരാള്‍ക്കെതിരെതിരെയും ഉള്‍പ്പെടെ 39 ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. പരിശോധനയില്‍ ആര്‍.ടി.ഒ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.എം.ഷാജി , എം.വി.ഐ മാരായ ബിജു ഐസക്, നൗഫല്‍, മനോജ്കുമാര്‍, എല്‍ദോ വര്‍ഗീസും, എ.എം.വി.ഐ മാരായ നജീബ്, റെന്‍ഷിദ്, ഷിജു, ബാബു.പി.കെ, ജോണ്‍ ബ്രിട്ടോ എന്നിവരും പങ്കെടുത്തു. തുടര്‍ന്നും പരാതിയുളള സ്ഥലങ്ങളില്‍ പരിശോധനകള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
