രാജ്യത്തിന്റെ വിഭവ സമാഹരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന കാര്‍ഷികമേഖലയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ടോയെന്ന് സംശയമാണെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. വ്യവസായ മേഖലയ്ക്ക് ലഭിക്കുന്ന മുന്തിയ പരിഗണന കാര്‍ഷികമേഖലയ്ക്കും കര്‍ഷകര്‍ക്കും ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍(സി പിസി ആര്‍ ഐ) ആരംഭിച്ച ആറു ദിവസത്തെ കാര്‍ഷിക പ്രദര്‍ശനങ്ങളുടെയും കിസാന്‍ കോണ്‍ഫറന്‍സിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിസിആര്‍ഐ പോലെയുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന ഗവേഷണങ്ങള്‍ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും ഉത്തേജനമാകുന്നുണ്ട്.എന്നിരുന്നാലും ഈ ഗവേഷണങ്ങളുടെ ഗുണം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ജനങ്ങളിലേക്ക് എത്തേണ്ടിയിരിക്കുന്നു. തോട്ടവിള ഗവേഷണ കേന്ദ്രം നടത്തുന്ന കാര്‍ഷിക പ്രദര്‍ശനങ്ങളും വിവിധ സെമിനാറുകളും കര്‍ഷകര്‍ക്ക് കൂടുതല്‍ മുതല്‍ക്കൂട്ടാവട്ടെയെന്നും മന്ത്രി പറഞ്ഞു.
സിപിസി ആര്‍ ഐ ഡയറക്ടര്‍ ഡോ.പി ചൗഡപ്പ, കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.ആര്‍ ഉഷാദേവി, ഐഎംസി അംഗം പി.സുരേഷ് കുമാര്‍ ഷെട്ടി, സംഘാടക സമിതി കണ്‍വീനര്‍ ഡോ.സി തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.