പത്തനംതിട്ട: ജില്ലയിലെ വിവിധ എസ്പിസി സ്‌കൂളുകളില്‍ നിന്നും കേഡറ്റുകളുടെ സഹായത്തോടെ ജില്ലാ നോഡല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികള്‍ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്തു. തിരുവല്ല, പുളിക്കീഴ്, കോയിപ്രം പോലീസ് സ്റ്റേഷനുകളുടെ പരിധിയിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പോലീസ് ഉദേ്യാഗസ്ഥരുടെ നേതൃത്വത്തില്‍ കേഡറ്റുകള്‍ നേരിട്ടാണ് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തത്.
ജില്ലാ പോലീസ് ആസ്ഥാനത്തുനിന്നും ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട വാഹനം ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ നോഡല്‍ ഓഫീസര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ തട്ടേക്കാട്, കരീലമുക്ക്, മേപ്രാല്‍, പൊടിയാടി, അമിച്ചകരി, പുളിക്കീഴ് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അവ വിതരണം ചെയ്തു. എസ്പിസി കേഡറ്റുകള്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാര്‍, പുളിക്കീഴ്, തിരുവല്ല സ്റ്റേഷനുകളിലെ പോലീസ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കാളികളായി.