സംസ്ഥാനത്തെ സിനിമ തിയേറ്റർ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നൽകേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്ക് പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ. (അച്ചടി) നം. 61/2019/തൊഴിൽ, തിരുവനന്തപുരം ജൂൺ 21 2019, എസ്.ആർ.എൽ നമ്പർ 543/2019)

വിജ്ഞാപനമനുസരിച്ച് അടിസ്ഥാന വേതന നിരക്കിൽ ഗ്രേഡ് എ വിഭാഗക്കാർക്ക് പ്രതിമാസ അടിസ്ഥാന വേതനം 15875 രൂപ, ഗ്രേഡ് ബി – 15120 രൂപ, ഗ്രേഡ് – സി – 14400 രൂപ, ഗ്രേഡ് ഡി – 13715 രൂപ, ഗ്രേഡ് ഇ – 13060 രൂപ, ഗ്രേഡ് എഫ് – 12440 എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന വേതനത്തിനു പുറമേ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഓരോ ജില്ലാ കേന്ദ്രത്തിനും വേണ്ടി പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയുടെ (1998 – 99 = 100) 280 പോയിന്റിനു മുകളിൽ വരുന്ന ഓരോ പോയിന്റിനും ദിവസ വേതനക്കാർക്ക് ഒരു രൂപ നിരക്കിലും മാസ ശമ്പളക്കാർക്ക് 26 രൂപ നിരക്കിലും ക്ഷാമ ബത്ത നൽകണം.

ഒരു സ്ഥാപനത്തിൽ / ഒരു തൊഴിലുടമയുടെ കീഴിൽ വിജ്ഞാപനം പ്രാബല്യത്തിൽ വരുന്ന തീയതിയിൽ തുടർച്ചയായി മൂന്നോ അതിൽ അധികം വർഷമോ സേവന കാലയളവുള്ള തൊഴിലാളികൾക്ക് അവർ പൂർത്തിയാക്കിയ ഓരോ വർഷത്തെ സേവനത്തിനും അതത് വിഭാഗത്തിന്റെ പുതുക്കിയ അടിസ്ഥാന വേതനത്തിന്റെ ഒരു ശതമാനം വീതം പരമാവധി 15 ശതമാനം വരുന്ന തുക സർവീസ് വെയിറ്റേജായി അടിസ്ഥാന ശമ്പളത്തിൽ ഉൾപ്പെടുത്തി നൽകണം.

ഈ വിജ്ഞാപനത്തിൽ മാസ വേതനം നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും വിഭാഗം തൊഴിലാളികളുടെ ദിവസ വേതനം ആ വിഭാഗം തൊഴിലാളിക്ക് നിശ്ചയിക്കപ്പെട്ട പ്രതിമാസ അടിസ്ഥാന വേതനം, സർവീസ് വെയിറ്റേജ്, ക്ഷാമബത്ത ഉൾപ്പെടെയുള്ള തുകയെ 26 കൊണ്ട് ഭാഗിച്ച് കണക്കാക്കണം. പുതുക്കി നിശ്ചയിക്കുന്ന കുറഞ്ഞ വേതന നിരക്കുകളേക്കാൾ ഉയർന്ന വേതനം ഏതെങ്കിലും പ്രദേശത്തുള്ള തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ അതു തുടർന്നും ലഭ്യമാക്കണം.