സംസ്ഥാനത്തെ തൂത്തുവൃത്തിയാക്കലും ശുചീകരണവും (സ്വീപ്പിങ് ആൻഡ് ക്ലീനിങ്) മേഖലയിലെ ഏറ്റവും കുറഞ്ഞ കൂലി നിരക്കുകൾ പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ. (അച്ചടി) നം. 68/2019/തൊഴിൽ, തിരുവനന്തപുരം ജൂലൈ 20 2019, എസ്.ആർ.എൽ നമ്പർ 546/2019)

വിജ്ഞാപന പ്രകാരം ദിവസ വേതന നിരക്കുകളിൽ എട്ടു മണിക്കൂർ ജോലിക്ക് ജോലി, പ്രദേശം എന്നീ ക്രമത്തിൽ തൂത്തുവൃത്തിയാക്കലും ശുചീകരണവും മേഖലയിലെ മുനിസിപ്പാലിറ്റി / നഗരസഭാ പരിധിയിലുള്ള പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് 450 രൂപയും മറ്റു പ്രദേശങ്ങളിൽ 425 രൂപയുമായി നിജപ്പെടുത്തി. സൂപ്പർവൈസറി വിഭാഗക്കാർക്ക് ഇത് യഥാക്രമം 470 രൂപ, 450 രൂപ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂർ അടിസ്ഥാനത്തിലുള്ള നിരക്കുകൾ മൊത്ത വേതനത്തിൽ ഇത് യഥാക്രമം (ഒരു മണിക്കൂറിനുള്ളിൽ) 85 രൂപയും 75 രൂപയുമായി നിശ്ചയിച്ചു. തുടർന്നുള്ള ഓരോ മണിക്കൂർ ജോലിക്കും (അഞ്ചു മണിക്കൂർ വരെ) മുനിസിപ്പാലിറ്റി / നഗരസഭാ പരിധിക്കുള്ളിലെ പ്രദേശങ്ങളിൽ 65 രൂപയും മറ്റു പ്രദേശങ്ങളിൽ 55 രൂപയുമായി പുതുക്കിയിട്ടുണ്ട്.

അടിസ്ഥാന വേതനത്തിനു പുറമേ ദിവസ വേതന നിരക്കിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ തൊഴിലാളികൾക്കും ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഓരോ ജില്ലാ കേന്ദ്രത്തിനും വേണ്ടി പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയുടെ (1998 – 99 = 100) 300 പോയിന്റിനു മുകളിൽ വർധിക്കുന്ന ഓരോ പോയിന്റിനും പ്രതിദിനം ഒരു രൂപ നിരക്കിൽ ക്ഷാമ ബത്ത നൽകണം. മണിക്കൂർ നിരക്കിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ്അഞ്ചു മണിക്കൂറിൽ കൂടുതലും എന്നാൽ എട്ടു മണിക്കൂർ വരെയും ജോലി ചെയ്യേണ്ടിവരികയാണെങ്കിൽ അവർക്ക് ദിവസ വേതനക്കാരുടെ പട്ടികയിൽ കണക്കാക്കിയ പ്രകാരമുള്ള അടിസ്ഥാന വേതനവും ദിവസ വേതനക്കാർക്കായി പറഞ്ഞിട്ടുള്ള ക്ഷാമ ബത്തയും ലഭിക്കുന്നതിന് അർഹതയുണ്ട്.

ഏതെങ്കിലും ഒരു ഷെഡ്യൂൾ സ്ഥാപനത്തിൽ മറ്റൊരാൾ മുഖേനയോ ഏജൻസി മുഖേനയോ ്അല്ലാതെ തൊഴിലുടമ നേരിട്ടു നിയമിക്കുന്ന ജീവനക്കാർക്ക് പ്രസ്തുത ഷെഡ്യൂൾഡ് എംപ്ലോയ്‌മെന്റിൽ നൽകേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്കിന് അർഹതയുണ്ടായിരിക്കും. എന്നാൽ ഇവർക്ക് ഈ വിജ്ഞാപന പ്രകാരം നിശ്ചിയിച്ചിട്ടുള്ള കുറഞ്ഞ കൂലി നിരക്ക് ബാധകമല്ല. പുതുക്കി നിശ്ചയിക്കുന്ന കുറഞ്ഞ വേതന നിരക്കുകളേക്കാൾ ഉയർന്ന വേതനം ഏതെങ്കിലും പ്രദേശത്തുള്ള തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ അതു തുടർന്നും ലഭ്യമാക്കണം. ദിവസ വേതനം നിശ്ചയിച്ചിട്ടുള്ളവരെ സംബന്ധിച്ച് അവരുടെ മാസ വേതനം കണക്കാക്കേണ്ടത് ദിവസ വേതനത്തെ 26 കൊണ്ട് ഗുണിച്ചായിരിക്കണം.