പത്തനംതിട്ട ജില്ലയിലെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന കിഫ്ബി പദ്ധതികളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. അടുത്ത കിഫ്ബി അവലോകനയോഗം സെപ്റ്റംബര്‍ 23ന് ചേരുമെന്നും കളക്ടര്‍ പറഞ്ഞു.
ആനയടി-പഴകുളം-കുരമ്പാല-കീരുകുഴി-ചന്ദനപ്പളളി-കൂടല്‍ റോഡിന്റെ  15 കിലോമീറ്റര്‍ നിര്‍മാണം സെപ്റ്റംബര്‍ 25നകം പൂര്‍ത്തിയാക്കും. പാറക്കടവ് പാലത്തിന്റെ സ്ഥലമേറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. പന്തളം ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അലൈന്‍മെന്റില്‍ മാറ്റം ഉളളതിനാല്‍ ഭൂമി ഏറ്റെടുക്കല്‍, ഭരണാനുമതി ഉത്തരവ്, അലൈന്‍മെന്റ് സ്‌കെച്ച്, നിലം നികത്തുന്നതിനുളള പരിധി ബാധകമല്ലെന്ന് കാണിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് എന്നിവ ലഭ്യമാക്കുന്നതിനു പൊതുമരാമത്ത് നിരത്ത്വിഭാഗം എക്‌സി.എന്‍ജിനീയര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
ഏഴ് മീറ്റര്‍ വീതിയുളള വാലാങ്കര-അയിരൂര്‍ റോഡ് 13 മീറ്ററാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണ്. പാടിമണ്‍-കോട്ടാങ്ങള്‍-ചുങ്കപ്പാറ-ചാലാപ്പളളി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 17.35 കിലോമീറ്റര്‍ നീളമാണ് റോഡിനുളളത്. 5.5 മീറ്റര്‍ വീതിയുള്ള റോഡിന്റെ വീതി 11 മീറ്ററായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
ചങ്ങനാശേരി-കവിയൂര്‍-തോട്ടഭാഗം റോഡ് പണികള്‍ പുരോഗമിക്കുന്നു. ആകെ 17 കിലോമീറ്റര്‍ നീളമുളള റോഡിന്റെ വീതി 11 മീറ്ററായി ഉയര്‍ത്തിയാണ് നിര്‍മാണം. കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. 20.4 കിലോമീറ്റര്‍ നീളമുളള തിരുവല്ല-മല്ലപ്പളളി-ചേലക്കൊമ്പ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. കോഴഞ്ചേരി പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. വടശേരിക്കര പാലം നിര്‍മ്മാണത്തിന്റെ ഭരണാനുമതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
തിരുവല്ല-ചങ്ങനാശേരി കുടിവെളള പദ്ധതിക്കുളള അനുമതി ലഭിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ആര്‍.അനില്‍കുമാര്‍, ജില്ലാ സര്‍വേ സൂപ്രണ്ട്് കെ.അനില്‍കുമാര്‍, പിഡബ്ല്യുഡി അസിസ്റ്റന്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ബി.ബിനു, വിവിധ വകുപ്പ് ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.